കെവിനെ മുക്കിക്കൊന്നതിനും മുങ്ങിമരിക്കാനും സാധ്യതയെന്ന് റിപ്പോര്‍ട്ട്!!! മുറിവുകളുടെ സ്വഭാവത്തിലും സംശയം

കോട്ടയം: കെവിന്‍ മുങ്ങിമരിക്കാനും മുക്കിക്കൊല്ലാനും സാധ്യതയെന്ന് റിപ്പോര്‍ട്ട്. കൂടുതലും അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കെവിനെ പുഴയില്‍ തള്ളിയതാകാനും സാധ്യതയുണ്ട്. ഇതിന് പുറമെ മുറിവുകളുടെ സ്വഭാവത്തിലും സംശയമുണ്ട്. അതിനാല്‍ പൊലീസ് മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടും.

കെവിന്റേത് മുങ്ങിമരണമാണെന്നാണ് ഇടക്കാല പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. രക്ഷപെടാന്‍ ചാടിയപ്പോള്‍ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണു പൊലീസ്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തില്‍ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു.

തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ കെവിന്‍ കാറില്‍നിന്നു ചാടിപ്പോയെന്നാണ് മുഖ്യപ്രതി സാനു ചാക്കോയുടെ ഭാഷ്യം. പൊലീസ് ഇതു മുഖവിലയ്ക്ക് എടുത്തിരുന്നില്ലെങ്കിലും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടില്‍ പരിശോധന നടത്തി.

പകല്‍ പോലും ഇവിടെ എത്തിപ്പെടാന്‍ എളുപ്പമല്ല. വാഹനത്തില്‍നിന്നു ചാടിയ കെവിന്‍ താഴ്ചയിലേക്കു വീണു കനാലില്‍ പതിച്ചതാകാമെന്നു കരുതിയാല്‍ത്തന്നെ ശരീരത്തില്‍ മുറിവുകള്‍ കാണണം. മൃതദേഹത്തില്‍ അത്തരം മുറിവുകളില്ല. സ്ഥലം കൃത്യമായി അറിയാവുന്നവര്‍ക്കേ ഇവിടെ എത്താനാകൂ എന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

pathram desk 1:
Leave a Comment