നിപ്പ രോഗലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന യുവതി മരിച്ചു; ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തലശ്ശേരി സ്വദേശി റോജ(39) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

അതേസമയം നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണോ എന്ന കാര്യത്തില്‍ ഇന്ന് സ്ഥിരീകരണമുണ്ടാകും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ കോഴിക്കോട് വീണ്ടും ഭീതിയിലായിരിക്കുകയാണ്. മലപ്പുറവും ആശങ്കയിലാണ്. രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. 12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേര്‍ നിരീക്ഷണത്തിലാണ്.

രോഗം ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ വ്യാഴാഴ്ച റസില്‍ എന്ന യുവാവ് നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം. റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.

pathram desk 1:
Leave a Comment