കെവിനെ കാണാതായപ്പോള്‍ തന്നെ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടിരിന്നു; എസ്.പി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചെന്ന്

കോട്ടയം: കെവിനെ കാണാതായ വാര്‍ത്ത പുറത്തുവന്നപ്പോള്‍തന്നെ മുഖ്യമന്ത്രി ഇടപെട്ട് കൃത്യമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാണാതായ കെവിനെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയെ എസ്.പി തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ ടി.ബിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തി മുഖ്യമന്ത്രി വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഡി.വൈ.എസ്.പി. അന്വേഷണം നടത്തി വരികയാണെന്ന് എസ്.പി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ആണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കെവിന്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്നയുടനെ എസ്.പിയെ കോട്ടയത്തുനിന്നു സ്ഥലംമാറ്റാന്‍ പ്രധാന കാരണവും ഈ അനാസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയത്തെ ദുരഭിമാനകൊലക്കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപത്തെകുറിച്ചു വലിയ പരാതികളാണുള്ളത്. കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിനുള്ള പങ്കിനെക്കുറിച്ചും അന്വേഷണസംഘം അന്വേഷിച്ചുവരികയാണ്.

ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയനെതിരെയും പ്രതിഷേധങ്ങളുണ്ടായിരുന്നു. പൊലീസ് സേനയെ വേണ്ടരീതിയില്‍ നിയന്ത്രിക്കാനോ നയിക്കാനോ ആഭ്യന്തരമന്ത്രിക്ക് കഴിയുന്നില്ല എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

കെവിനെ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വേണ്ട നടപടികളെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കാലതാമസമില്ലാതെ അന്വേഷണം തുടങ്ങിയിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നു തുടക്കം മുതലേ അഭിപ്രായമുയര്‍ന്നിരുന്നു.

pathram desk 1:
Leave a Comment