നിപ്പ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ട്. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ആണ് നിപ ബാധിച്ച് മരിച്ചത്. പത്ത് ദിവസത്തേക്ക് കോടതി നിര്‍ത്തിവെക്കണമന്നാണ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരോടും നഴ്‌സിംഗ് ജീവനക്കാരോടും ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഡോക്ടര്‍ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് അവധി നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാലുശ്ശേരി ആശുപത്രിയില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസം മരിച്ച റസിന് നിപ ബാധിച്ചത്. നിപ ബാധിച്ച് മരിച്ച കോട്ടൂര്‍ തിരുവോട് മയിപ്പില്‍ ഇസ്മായിലിനെ ബാലുശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ റസിന്‍ ചികിത്‌സ തേടിയിരുന്നു.

രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണങ്ങളാണ് ഉണ്ടായത്. രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിശ്ചിത ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശ്ശേരി താലൂക്ക് ആശുപത്രി എന്നിവ സന്ദര്‍ശിച്ചവര്‍ അക്കാര്യം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

pathram desk 1:
Leave a Comment