ആരൊക്കെ എതിര്‍ത്താലും എന്റെ പൊന്നിയെ ഞാന്‍ സ്വന്തമാക്കും… പുലര്‍ച്ചെ എന്നെ വിളിക്കണംട്ടോ…!.. നീനുവിനോട് കെവിന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍

കോട്ടയം: ‘ആരൊക്കെ എതിര്‍ത്താലും പൊന്നിയെ ഞാന്‍ എന്റെ സ്വന്തമാക്കും, ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ സൂക്ഷിക്കും’ ശനിയാഴ്ച രാത്രി വിളിക്കുമ്പോള്‍ കെവിന്‍ നീനുവിനോട് പറഞ്ഞ വാചകങ്ങളാണിത്. വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിലാക്കുമ്പോഴോ, പിന്നീട് വിളിക്കുമ്പോഴോ കെവിന് ആധിയൊന്നുമൊന്നുമില്ലായിരുന്നുവെന്ന് നീനു ഓര്‍ക്കുന്നു. വിവാഹം രജിസ്ട്രേഷന്റെ കാര്യങ്ങള്‍ പൂര്‍ത്തികരിക്കാനായി പുലര്‍ച്ചെ എന്നെ വിളിക്കണോട്ടോ, ആരൊക്കെ എതിര്‍ത്താലും നിന്നെ ഞാന്‍ സ്വന്തമാക്കും എന്ന് ആശ്വസിപ്പിച്ചാണു കെവിന്‍ ഫോണ്‍ വച്ചതെന്നും നീനു ഓര്‍മിക്കുന്നു.

തടസമില്ലാതെ വിവാഹമൊക്കെ നടത്തിയ ശേഷം നമ്മുക്കൊന്നിച്ചു വേളാങ്കണ്ണി പള്ളിയില്‍ പോകണമെന്നും കെവിന്‍ ചേട്ടന്‍ പറഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ചേട്ടനെ ഉണര്‍ത്താനായി ഞാന്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. നാഗമ്പടത്തെ തീര്‍ഥാടന കേന്ദ്രത്തിലായിരുന്നു ഞങ്ങള്‍ അവസാനമായി പോയത്, മെഴുകുതിരി കത്തിച്ച് ഒരുമിച്ചു പുണ്യാളന് മാല ചാര്‍ത്തി പ്രാര്‍ഥിച്ചാണു മടങ്ങിയത്.

തുടര്‍ന്നു കെവിന്‍ ചേട്ടന്‍ തന്നെയാണു ഹോസറ്റ്ലില്‍ കൊണ്ടാക്കിയത്. തന്നെ കെവിന്‍ ചേട്ടന്‍ ഏല്‍പ്പിച്ചു പോയ അച്ഛനെയും അമ്മയെയും മരണം വരെ കൈവിടില്ലെന്ന് നീനു ആവര്‍ത്തിച്ചു പറയുന്നു. എത്രനാള്‍ കഴിഞ്ഞ് വീട്ടില്‍ നിന്ന് ആരൊക്കെ വന്ന് നിര്‍ബന്ധിച്ചാലും ഇവരെ തനിച്ചാക്കി എങ്ങും പോകില്ല.

പഠിച്ച് നല്ലൊരും ജോലി വാങ്ങി കെവിന്റെ അച്ഛനെയും അമ്മയെയും സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. 2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്ത് വഴി നീനു കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് എപ്പോഴോ പ്രണയമായി വളര്‍ന്നുവെന്നു നീനു ഓര്‍മിപ്പിക്കുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ കൊല്ലത്തെ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും മാറി മാറി നിന്നാണ് നീനു വളര്‍ന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ നാട്ടിലെത്തിയെങ്കിലും മാതാപിതാക്കളുമായി ഒരിക്കലും നീനു യോജിച്ചിരുന്നില്ല. എപ്പോഴും ശകാരവും ഉപദ്രവുമാണെന്നാണ് നീനുവിന്റെ പരാതി. വഴക്ക് രൂക്ഷമായപ്പോഴാണ് പഠനം എന്ന പേരില്‍ കോട്ടയത്തേക്ക് മാറുന്നതും വീണ്ടും ഹോസ്റ്റല്‍ ജീവിതം തുടങ്ങി കെവിനുമായി അടുക്കുന്നതും.

pathram desk 1:
Related Post
Leave a Comment