സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം; കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും അഗ്‌നിശമനാ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് ഇത്തരം മുന്നറിയിപ്പ് നല്‍കാറുള്ളു.

ഈ മാസം 30 വരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കാനും നിര്‍ദേശമുണ്ട്. ശനിയാഴ്ച 12 മുതല്‍ 20 ശതമാനം വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചിലയിടങ്ങളില്‍ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലമ്പാതകളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇപ്രകാരമാണ്. ശനിയാഴ്ച അതിശക്തമായ മഴ പെയ്യും. കടല്‍ത്തീരത്തും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്.

മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കണ്‍ട്രോള്‍ റൂമുകള്‍ 29 വരെ 24 മണിക്കൂറും തുറക്കണം. കളക്ടറേറ്റ് മുതല്‍ താലൂക്കുതലം വരെയുള്ള ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അതിജാഗ്രത പുലര്‍ത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാരോ കൈയില്‍ കരുതണം. ഉരുള്‍പൊട്ടാനിടയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് രാത്രിയാത്ര നിയന്ത്രിക്കും.

കേരളം, ലക്ഷദ്വീപ്, കന്യാകുമാരി, കര്‍ണാടക തീരങ്ങളിലൊന്നും ഈ ദിവസങ്ങളില്‍ മീന്‍പിടിത്തത്തിന് ഇറങ്ങരുതെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ഒമാന്‍ തീരത്തെത്തിയ മേകുനു ചുഴലിക്കാറ്റ് അതിശക്തമാണ്. അതിനാല്‍ ലക്ഷദ്വീപിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മീന്‍പിടിത്തം ഒഴിവാക്കണം.

pathram desk 1:
Leave a Comment