രജനി സാറിന് അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമല്ല; അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് ധനുഷ്

സ്‌റൈല്‍ മന്നന്‍ രജനികാന്തിന്റെ കാലാ അടുത്ത മാസം തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധനുഷ് രജനിയെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചു. ധനുഷ് എന്ന നടന്‍ നിര്‍മ്മിച്ച പടമല്ല ഇതെന്നും വെങ്കടേഷ് പ്രഭു എന്ന ആരാധകന്‍ നിര്‍മ്മിച്ച സിനിമയാണെന്നും ധനുഷ് പറഞ്ഞു

ധനുഷിന്റെ വാക്കുകള്‍:

സൂപ്പര്‍ സ്റ്റാര്‍ രജനി സാറിന് അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ പറയാം. കാലായുടെ അവസാനദിന ഷൂട്ടിംഗ് ഒരു പതിനൊന്ന് മണിക്ക് അവസാനിക്കുമെന്നാണ് പറഞ്ഞത്. നിര്‍മ്മാതാവ് എന്ന നിലയില്‍ ഞാനും ലൊക്കേഷനില്‍ പോയിരുന്നു. എന്നാല്‍ രണ്ട് മണിയായിട്ടും ഷൂട്ടിംഗ് അവസാനിച്ചില്ല. അവിടെയാണെങ്കില്‍ നിറയെ പൊടിയും പുകയും തീയുമായി അന്തരീക്ഷം മൊത്തം മലിനമായിരുന്നു.

ഞാന്‍ പതുക്കെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് സമയം രണ്ടര മണിയായി…കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു. ‘അയ്യോ , ഇതെന്ത് കഥയാ..നമുക്ക് എല്ലാം ഇതാണ്. ഓരോര്‍ത്തര്‍ അവസരം കിട്ടാനായി കഷ്ടപ്പെടുകയാണെന്ന് രജനി സര്‍ പറഞ്ഞു. ആദ്യമായി സിനിമയില്‍ അഭിനയിക്കാനെത്തുന്ന നടനെപോലെയാണ് അദ്ദേഹം പെരുമാറിയത്. അതില്‍ നിന്നാണ് ഞാന്‍ തൊഴില്‍ഭക്തി എന്താണെന്ന് പഠിച്ചത്.

പ്രശസ്തനാകാന്‍ രണ്ട് വഴിയാണ് ഉള്ളത്. ഒന്ന് കഷ്ടപ്പെട്ട് പോരാടി ജീവിതത്തിന്റെ ഉയര്‍ച്ചയിലേക്ക് എത്തുക. മറ്റൊന്ന് അങ്ങനെ ഉയര്‍ച്ചയില്‍ നില്‍ക്കുന്നവരെ തേടിപ്പിടിച്ച് അവര്‍ക്കെതിരെ സംസാരിക്കുക. നാല്‍പത് വര്‍ഷമായി ഉയരത്തില്‍ നില്‍ക്കുന്നയാളെ അയാള്‍ ജീവിതം നല്‍കിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തുമ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാണ്. എന്തു സംഭവിച്ചാലും ശാന്തമായി പ്രതികരിക്കണമെന്ന് അദ്ദേഹത്തില്‍ നിന്നും പഠിച്ചു.

രഞ്ജിത്ത് കഥ പറയാന്‍ രജനി സാറിനെ കാണാന്‍ എത്തിയിരുന്നു. ആ സമയം അദ്ദേഹം പറഞ്ഞു ‘പ്രൊഡ്യൂസറിനോട് പറയൂ’ എന്ന്. ഒരു നിര്‍മ്മാതാവിനെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് ഇതില്‍ നിന്നും പഠിച്ചു.

കാലായുടെ ഓഡിയോ ലോഞ്ചിന് അദ്ദേഹത്തെ മോശമായി സംസാരിച്ചവരെ ക്ഷണിക്കണോ എന്ന് ഞാന്‍ ചോദിച്ചു. എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ്, എല്ലാവരെയും ക്ഷണിക്കൂ എന്നാണ് സര്‍ മറുപടി തന്നത്. തെറ്റുചെയ്തവരോട് ക്ഷമിക്കണമെന്ന് ഞാന്‍ ഇതില്‍ നിന്നും പഠിച്ചു.

pathram desk 1:
Leave a Comment