കാര്‍ണാടകയില്‍ ബി.ജെ.പിയുടെ ശ്രമം ‘ഓപ്പറേഷന്‍ കമല’ ആവര്‍ത്തിക്കാന്‍!!! ഇത്തവണ അതുനടക്കില്ലെന്ന് ജെ.ഡി.എസ്

ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് 2008ലേതിനു സമാനമായി ‘ഓപ്പറേഷന്‍ കമല’ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന നാല് കോണ്‍ഗ്രസ് എം.എല്‍.എമാരേയും ജെ.ഡി.എസില്‍ ചേര്‍ന്ന ബി.ജെ.പിക്കാരേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി ശ്രമം.

2008ല്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ ബി.ജെ.പി നേതാവും ഖനി രാജാവുമായ ജി. ജനാര്‍ദ്ദന റെഡ്ഡി ഇടപെടുകയും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം തികക്കാനാവശ്യമായ എം.എല്‍.എമാരുടെ പിന്തുണ നേടിയെടുക്കുകയുമായിരുന്നു.

പണവും അധികാരവും വാഗ്ദാനം ചെയ്ത് മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെയും നാല് ജെ.ഡി.എസ് എം.എല്‍.എമാരെയും റെഡ്ഡിയുടെ സഹായത്തോടെ ബി.ജെ.പി തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നു. ഇവരെ അഞ്ചുപേരും രാജിവെക്കുകയും പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും ജയിക്കുകയുമായിരുന്നു. അതുവഴി ബി.ജെ.പി അംഗബലം 115 ഉയര്‍ത്തിയായിരുന്നു അധികാരം നേടിയത്. ഈ തന്ത്രം ആവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അത് ഇത്തവണ നടക്കില്ലെന്നാണ് ജെ.ഡി.യു നേതാവ് കുമാരസ്വാമി പറയുന്നത്. ‘ഇത്തവണയും ഓപ്പറേഷന്‍ കമല ആവര്‍ത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ഞങ്ങള്‍ കേട്ടു. അവര് ശ്രമിക്കട്ടേ, ഞങ്ങള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കും.’ എന്നും അദ്ദേഹം പറഞ്ഞു.

അതൊന്നും വിജയിക്കില്ലയെന്നാണ് ബി.ജെ.പി തന്ത്രത്തെക്കുറിച്ച് സിദ്ധരാമയ്യ പറഞ്ഞത്.

ഇത്തവണയും റെഡ്ഡി വഴിയാണ് ബി.ജെ.പി ഇതിനു ശ്രമിക്കുന്നതെന്നാണ് സൂചന. ‘റെഡ്ഡിയുടെ പ്രവര്‍ത്തനം കാരണമാണ് മധ്യകര്‍ണാടകയില്‍ ഒട്ടേറെ സീറ്റുകളില്‍ വിജയിക്കാനായത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എണ്ണത്തെ അദ്ദേഹത്തിന് എത്തിക്കാനായാല്‍ അതില്‍ അത്ഭുതമില്ല.’ എന്നാണ് ഒരു ബി.ജെ.പി എം.എല്‍.എ പറയുന്നത്.

pathram desk 1:
Leave a Comment