കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം; സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു; തൊട്ടുപിന്നാലെ ആര്‍എസ്എസുകാരന് വെട്ടേറ്റു; നാളെ സിപിഎം ഹര്‍ത്താല്‍

കണ്ണൂര്‍: പള്ളൂരില്‍ സി.പി.എം നേതാവ് വെട്ടേറ്റുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ ആണ് മരിച്ചത്. തൊട്ടു പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു. ഇയാളുടെ നില ഗുരുതരമാണ്. പള്ളൂരില്‍ വെച്ച് ഓട്ടോ ഡ്രൈവറായ ഷിമോജിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

ബാബുവിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. ആര്‍.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. സ്ഥലത്ത് ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധന നടത്തിവരികയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി സി.പി.എം അറിയിച്ചു.

കൊയ്യോടന്‍ കോറോത്തെ ക്ഷേത്രത്തിന് സമീപം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവഴി വാഹനത്തില്‍ വെച്ചാണ് ബാബു മരിച്ചത്. തലശേരി മാഹി കര്‍മസമിതി കണ്‍വീനറായിരുന്നു ബാബു. കഴുത്തിന് മുന്നിലും പിന്നിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാബുവിന്റെ കൊലപാതകത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അപലപിച്ചു.

pathram:
Leave a Comment