കെ എന്‍ ബാലഗോപാലും പി രാജീവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍; പി ജയരാജന് ഇത്തവണയും സ്ഥാനമില്ല

തിരുവനന്തപുരം : പി രാജീവും കെ എന്‍ ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവിലെ സെക്രട്ടേറിയറ്റില്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു ഒഴിവുണ്ടായിരുന്നു. ഈ ഒഴിവിലേക്ക് കെ എന്‍ ബാലഗോപാലിനെ ഉള്‍പ്പെടുത്തി. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ കൂടി സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എണ്‍പതു വയസ് പിന്നിട്ടെങ്കിലും, ആനത്തവട്ടം ആനന്ദനെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, എം.വിജയകുമാര്‍, കൊല്ലം ജില്ലാ മുന്‍ സെക്രട്ടറി കെ.രാജഗോപാല്‍, ടി എന്‍ സീമ തുടങ്ങിയവരുടെ പേരുകളാണ് സെക്രട്ടേറിയറ്റിലേക്ക് സജീവമായി ഉയര്‍ന്നു കേട്ടിരുന്നത്. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുക ലക്ഷ്യമിട്ട് മന്ത്രിമാരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, പി കരുണാകരന്‍, പികെ ശ്രീമതി, ടി എം തോമസ് ഐസക്ക്, ഇ പി ജയരാജന്‍, എളമരം കരിം, എംവി ഗോവിന്ദന്‍, എ കെ ബാലന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ ജെ തോമസ്, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍

pathram desk 2:
Leave a Comment