ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിഐ അഞ്ചാം പ്രതി; അറസ്റ്റ് ഉടന്‍; ചുമത്തിയ വകുപ്പുകള്‍ ഇതൊക്കെ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അഞ്ചാം പ്രതിയാക്കി. അന്യായതടങ്കല്‍, രേഖകളിലെ തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് സിഐയ്ക്ക് മേല്‍ ചുമത്തി. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.
സിഐ ക്രിസ്പിന്‍ സാമിനെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുകയാണ്. ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.

ശ്രീജിത്തിനെ രാത്രിയാണു വീട്ടിലെത്തി കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടില്‍ രേഖകളില്‍ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്‌ക്കെതിരെയുള്ള പരാതികളിലൊന്ന്.

എസ്‌ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിന്‍ അറിഞ്ഞില്ല, അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. എസ്‌ഐ ജി.എസ്.ദീപക്, ആര്‍ടിഎഫ് അംഗങ്ങളായ മൂന്നു പൊലീസുകാര്‍ എന്നിവരും കസ്റ്റഡി മരണക്കേസില്‍ പ്രതികളാണ്.

pathram:
Leave a Comment