പിണറായിയിലെ ദുരൂഹമരണങ്ങള്‍; അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിക്കാനിടയായ സംഭവങ്ങളുടെ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് തീരുമാനം. നാലില്‍ രണ്ട് പേരുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് തെളിഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൗമ്യയുടെ മക്കളുടെയും മാതാപിതാക്കളുടെയും മരണ കാരണം എലിവിഷം ഉള്ളില്‍ ചെന്നിട്ടാണെന്ന ആന്തരിക പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്നാണ് സൗമ്യയെ വിശദമായി ചോദ്യംചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പിണറായിയിലെ ദുരൂഹ മരണത്തില്‍ സൗമ്യയുടെ എട്ട് വയസുകാരിയായ മകള്‍ ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. 2018 മാര്‍ച്ച് 31ന് ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഐശ്വര്യ മരിക്കുന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാല് മാസത്തിനിടെ ഈ കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്.
മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. നാല് മരണങ്ങള്‍ സംഭവിച്ചതും സമാനമായ രീതിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്നാണ്.
വീട്ടില്‍ അവശേഷിച്ച ഏക അംഗം സൗമ്യയെ സമാന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.

pathram:
Related Post
Leave a Comment