നിലപാട് തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് കാരാട്ട്

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന്റെ കാര്യത്തില്‍ രഹസ്യ ബാലറ്റിനു വ്യവസ്ഥയില്ലെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് തള്ളി പ്രകാശ് കാരാട്ട് രംഗത്ത് എത്തിയത്. രഹസ്യ ബാലറ്റ് പതിവില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കരട് രാഷ്ട്രീയപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി. താന്‍ അവതരിപ്പിച്ച പ്രമേയം അതേപടി അംഗീകരിക്കപ്പെടുമോ എന്ന് പറയാനാകില്ല. രാഷ്ട്രീയപ്രമേയത്തിന്‍മേല്‍ ഇന്ന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും കാരാട്ട് വ്യക്തമാക്കി. ഹൈദരാബാദില്‍ സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്ന നിലപാടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം അംഗീകരിക്കുന്നതാണു പാര്‍ട്ടിയുടെ നിലപാട്. അതു നടപ്പാക്കുക എന്നതാണു ജനറല്‍ സെക്രട്ടറിയുടെയും മറ്റുള്ളവരുടെയും ചുമതല. അവിടെ രാജിയുടെ പ്രശ്‌നമില്ല. ജനറല്‍ സെക്രട്ടറി മുന്നോട്ടുവച്ച നിലപാട് പരാജയപ്പെട്ടാലും രാജി ആവശ്യമില്ല. താനുള്‍പ്പെടെയുള്ളവര്‍ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകണമോയെന്നുള്ളതു പാര്‍ട്ടി കോണ്‍ഗ്രസാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കരടു പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു മറുപടി പറയാന്‍ യച്ചൂരിക്കും അവസരം നല്‍കുമോയെന്നുള്ള ചോദ്യത്തിനു വ്യക്തമായൊരു മറുപടി കാരാട്ട് നല്‍കിയില്ല.

pathram:
Leave a Comment