മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരിന്നു!!! അവകാശവാദവുമായി ത്രിപുപ മുഖ്യമന്ത്രി

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന വ്യത്യസ്ത അവകാശവാദവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബ്. അഗര്‍ത്തലയില്‍ പ്രഗ്‌നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നും ദേബ് പറഞ്ഞു.

”മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും നിലനിന്നിരുന്നു. ധൃതരാഷ്ട്ര രാജാവിന്റെ സാരഥിയായ സഞ്ജയക്ക് എങ്ങനെയാണ് കുരുക്ഷേത്ര യുദ്ധത്തെ കുറിച്ച് ഇത്ര വിശദമായി അന്ധനായ രാജാവിന് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞത്? അതിനര്‍ഥം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നല്ലേ. സാറ്റലൈറ്റും സാങ്കേതികവിദ്യയും ഈ രാജ്യത്തുണ്ടായിരുന്നു”, മുഖ്യമന്ത്രി ദേബ് അവകാശപ്പെട്ടു.

യൂറോപ്യന്‍ രാജ്യങ്ങളും യുഎസുമെല്ലാം അത് അവരുടെ കണ്ടുപിടിത്തമാണെന്ന് അവകാശപ്പെടും. പക്ഷെ യഥാര്‍ഥത്തില്‍ അതെല്ലാം ഇന്ത്യയുടെ സാങ്കേതികവിദ്യകളാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് സംവിധാനവും നില നിന്നിരുന്നു. ഇത് നമ്മുടെ രാജ്യത്തുള്ള ഏറ്റവും വലിയ സംസ്‌കാരമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഇന്ന് ഇന്റര്‍നെറ്റിന്റെയും സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യകളുടെയും കാര്യത്തില്‍ പോലും നമ്മളാണ് മുന്നില്‍. മൈക്രോസോഫ്റ്റ് നോക്കൂ, അതൊരു യുഎസ് കമ്പനിയായിരിക്കാം. പക്ഷെ അതിലെ എഞ്ചിനീയര്‍മാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്- ദേബ് കൂട്ടിച്ചേര്‍ത്തു.

മഹാഭാരത കാലഘട്ടത്തില്‍ സാങ്കേതികവിദ്യയില്‍ മുന്നിലായിരുന്ന ഇന്ത്യക്ക് ആ സ്ഥാനം ഇടയ്ക്ക് വെച്ച് നഷ്ടപ്പെട്ടുവെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ന് ലോകത്തിലെ സാങ്കേതികവിദ്യയില്‍ ഇന്ത്യ വീണ്ടും സ്ഥാനം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള പൗരന്‍മാര്‍ക്ക് ഡിജിറ്റല്‍വത്കരണത്തിന് വലിയ പ്രചാരമാണ് നല്‍കുന്നത്.

നമ്മുടെ പ്രധാനമന്ത്രി തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണ്. എംപിമാരോടും മുഖ്യമന്ത്രിമാരോട് പോലും സോഷ്യല്‍മീഡിയയിലെ അവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ മോദി ആവശ്യപ്പെടുന്നുണ്ട്. രക്ഷകര്‍ത്താവിനെ പോലെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണെന്നും ദേബ് പറഞ്ഞു.

pathram desk 1:
Leave a Comment