വിടി ബല്‍റാമിന് കിട്ടുന്ന കൈയടി കോണ്‍ഗ്രസിന് കിട്ടുന്നത് തന്നെ, ബല്‍റാമിന്റെ ധീരമായ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് അനില്‍ അക്കര

കൊച്ചി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കൊളേജ് വിഷയത്തില്‍ എംഎല്‍എ വിടി ബല്‍റാമിന് കിട്ടുന്ന കൈയടി കോണ്‍ഗ്രസിന് കിട്ടുന്നതാണെന്ന കാര്യത്തില്‍ തനിക്ക് അഭിപ്രായ വിത്യാസമില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ബല്‍റാമിന്റെ ധീരമായ നിലപാടിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എയാണ് താന്‍. തനിക്ക് ബില്ലിനോട് വിയോജിപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നും അനില്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ ശക്തമായ വിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ തന്നെ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കില്ലെന്ന വ്യക്തത സര്‍ക്കാരിന് തന്നെയുണ്ടായിരുന്നു. ബില്ല് തള്ളിയ ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും അനില്‍ അക്കരെ പറഞ്ഞു.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. അതിന് പിന്നാലെയാണ് അനിലിന്റെ പ്രതികരണം. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് ബില്‍ തിരിച്ചയക്കാനുള്ള നടപടി. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്.ശനിയാഴ്ച രാവിലെയാണ് ഗവര്‍ണരുടെ അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബില്ല് കൈമാറിയത്.

pathram desk 2:
Leave a Comment