‘നാല് വര്‍ഷത്തിനുള്ളില്‍ 30 കോടി ദലിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല’ പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തുമായി ദളിത് ബി.ജെ.പി എം.പി; കേന്ദ്രത്തിന്റെ ദളിത് വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദലിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് ബിജെപി എംപിയുടെ കത്ത്. നാജിനയില്‍ നിന്നുള്ള ബിജെപി എംപി യശ്വന്ത് സിംഗ് ആണ് മോദിക്ക് കത്തയച്ചിരിക്കുന്നത്.

തനിക്ക് ലഭിച്ച സംവരണം കാരണമാണ് താന്‍ എംപിയായതെന്ന് യശ്വന്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ”ഒരു ദലിതാനായത് കൊണ്ട് തന്നെ എന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഞാന്‍ എംപിയായതിന് കാരണം എനിക്ക് ദലിതനെന്ന സംവരണം ലഭിച്ചതിനാലാണ്. ഈ നാല് വര്‍ഷത്തിനുള്ളില്‍ 30 കോടി ദലിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല”, കത്തില്‍ പറയുന്നു.

പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ റോബര്‍ട്ട്ഗഞ്ചില്‍ നിന്നുള്ള ദലിത് എംപിയായ ചോട്ടെ ലാല്‍ ഖാര്‍വാറും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു കത്ത്.

ജില്ലാ ഭരണകൂടത്തിലെയും വനംവകുപ്പിലെയും അഴിമതിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രണ്ട് തവണ കണ്ടുവെന്നും എന്നാല്‍ അദ്ദേഹം തന്നെ വഴക്ക് പറയുകയും പുറത്താക്കുകയുമാണ് ചെയ്തതെന്ന് ചോട്ടേലാല്‍ പറഞ്ഞു.

pathram desk 1:
Leave a Comment