വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുക്കലിനിടെ സംഘര്‍ഷം; പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു, ലാത്തിചാര്‍ജില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരം സംഘര്‍ഷഭരിതമായി. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്.

ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പൊലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. സമരക്കാര്‍ കോഴിക്കോട് തൃശൂര്‍ പാത ഉപരോധിക്കുകയാണ്. ഇതോടെ കോഴിക്കോട് തൃശൂര്‍ പാതയില്‍ ഗതാഗതം മുടങ്ങി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സര്‍വേ തടയാന്‍ എത്തിയതോടെയാണു സംഘര്‍ഷം തുടങ്ങിയത്. ദേശീയപാത ഭൂമിയെടുപ്പില്‍ മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമാണ് എആര്‍ നഗര്‍ മേഖലയിലെ പ്രശ്നം. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതിയ 50 മീറ്റര്‍ ഭൂമി പുതുതായി എടുക്കുകയാണു ചെയ്യുന്നത്.

നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്‍മെന്റ് നിശ്ചയിച്ചത്. 32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്നു നാട്ടുകാര്‍ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാന്‍ തയാറാണെന്നു കമ്മിറ്റികള്‍ അറിയിച്ചിട്ടുണ്ടെന്നും അലൈന്‍മെന്റില്‍ മറ്റു താല്‍പ്പര്യങ്ങളാണെന്നുമാണു നാട്ടുകാരുടെ ആരോപണം.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടയിലും ദേശീയപാത വികസനത്തിനായി തിരൂരങ്ങാടി താലൂക്കിലെ സര്‍വേ പുരോഗമിക്കുകയാണ്. തിരൂരങ്ങാടി, വേങ്ങര, എആര്‍ നഗര്‍ വില്ലേജുകളിലെ കരുമ്പില്‍ മുതല്‍ കൊളപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ സര്‍വേ നടത്തിയത്. ഇന്നലെ 3.25 കിലോമീറ്റര്‍ സര്‍വേ നടത്തി. ഇതുവരെയായി 35.1 കിലോ മീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കി. വന്‍ പൊലീസ് സംഘത്തിന്റെയും റാപ്പിഡ് ആക!്ഷന്‍ ഫോഴ്സിന്റെയും സാന്നിധ്യത്തിലായിരുന്നു സര്‍വേ.

pathram desk 1:
Leave a Comment