‘വത്തക്ക’ പ്രയോഗം, ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവളളി പൊലീസാണ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് നടപടി.അതേസമയം വിവാദ പ്രസ്താവന നടത്തിയ ജവഹര്‍ മുനവര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 28വരെയാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അവധിയില്‍ പ്രവേശിച്ചതെന്ന് ജൗഹറിന്റെ കുടുംബം വ്യക്തമാക്കി.

മുജാഹിദ് ഫാമിലി കൗണ്‍സിലിങ് വേദിയിലായിരുന്നു ഫാറൂഖ് ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ അധ്യാപകനായ ജവഹര്‍ ‘വത്തക്ക’ പരാമര്‍ശം നടത്തിയത്. ചൂഴ്ന്നെടുത്ത വത്തക്ക പോലെ കോളജിലെ പെണ്‍കുട്ടികള്‍ മാറിടം കാട്ടി നടക്കുകയാണ് എന്നായിരുന്നു പ്രസംഗം.

ഇതിന്റെ ഓഡിയോ പുറത്തായതിന് പിന്നാലെ പുരോഗമന സംഘടനകളുടെയും സ്ത്രീസംഘടനകളുടെയും ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ക്യാമ്പസില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികളുടെ സമരം നടന്നുവരികയാണ്. ജവഹര്‍ മാപ്പ് പറയണമെന്നും അധ്യാപകനെതിരെ തക്ക നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

pathram desk 2:
Leave a Comment