എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണില്‍ റെയ്ഡ്; കണ്ടെത്തിയത് കൃത്രിമ തൈരുണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവും

കൊച്ചി: എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണില്‍ റെയ്ഡ്. വ്യത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികള്‍ കണ്ടെത്തി. ലസ്സി മൊത്ത ഉല്‍പാദന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം പുറത്തുവന്നത്. ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കൃത്രിമ തൈരാണ് ലസ്സി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.

കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവുമെല്ലാം കണ്ടെത്തി. ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്ട്രേഷന്‍ നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ആ ലസ്സികള്‍ എവിടെയാണ് ഉണ്ടാക്കുന്നത് എന്ന അന്വേഷണത്തിലാണ് ഗോഡൗണ്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനുള്ളില്‍ കണ്ടെത്തിയതാവട്ടെ മുഴുവന്‍ പഴകിയ തൈരും.

വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം അടക്കമുള്ളയിടത്താണ് ലസ്സി നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തു സൂക്ഷിച്ചിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കൃത്രിമ ലസ്സിയുണ്ടാക്കുന്നതിനുള്ള പൊടിയും സംഘം പിടിച്ചെടുത്തു. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം രാസവസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നത്. ലസ്സി ഉണ്ടാക്കാനാവശ്യമായ വെള്ളം എടുക്കുന്നതാവട്ടെ വൃത്തിഹീനമായ ടോയ്ലറ്റില്‍ നിന്നും.

പാല്, കസ്റ്റാഡ് പൗഡര്‍, പിസ്ത തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിച്ച കിണറില്‍ നിന്നാണ് ഇവര്‍ വെള്ളമെടുക്കുന്നത്. ജിഎസ്ടി വിഭാഗവും ആരോഗ്യ വിഭാഗവും കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

pathram desk 2:
Related Post
Leave a Comment