കോണ്‍ഗസിലെ പൊട്ടിത്തെറി ബിജെപിയുടെ സൃഷ്ടി; ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി കര്‍ണാടക കോണ്‍ഗ്രസ് നേതാവ്

ബംഗളൂരു: ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും വീരസൈവ മഹാസഭ അധ്യക്ഷനുമായ ഷംനൂര്‍ ശിവശങ്കരപ്പ. സര്‍ക്കാര്‍ തീരുമാനത്തില്‍ തനിക്ക് നിരാശയില്ലെന്നു പറഞ്ഞ ശിവശങ്കരപ്പ താന്‍ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.

ലിംഗായത്തിനെ പ്രത്യേക മതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ആദ്യം ശിവശങ്കരപ്പ അനുകൂലിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് മലക്കംമറിഞ്ഞ് സര്‍ക്കാരിനെതിരെ രംഗത്തെത്തുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശിവശങ്കരപ്പ വാര്‍ത്താ സമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് ബിജെപിയിലേക്കെത്തുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പ്രസ്താവന നടത്തിയിരുന്നു.

കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് ലിംഗായത്ത് വീരശൈവ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രബല വിഭാഗത്തിന് ഇത്തരത്തിലൊരു പരിഗണന നല്‍കുന്നത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിഎസ് യെദ്യുരപ്പ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട നേതാവായിരുന്നു.

pathram desk 2:
Related Post
Leave a Comment