സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയത് ഭര്‍ത്താവ് ശബരീനാഥന്റെ കുടുംബ സൃഹൃത്തിന്…!!! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭര്‍ത്താവ് ശബരീനാഥന്‍ എം.എല്‍.എയുടെ കുടുംബസുഹൃത്തിന് കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തതായി റിപ്പോര്‍ട്ട്. 2017 ജൂലൈ ഒമ്പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന 27 സെന്റ് സ്ഥലമാണ് ദിവ്യ എസ് അയ്യര്‍ അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജിക്ക് പതിച്ചു കൊടുത്തത്.

സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്. ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു.

കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതതല സ്വാധീനത്താല്‍ പിന്നീട് ആര്‍ ഡി ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായാണ് ഹിയറിങ് നടത്തിയതെന്നും ആരോപണമുണ്ട്.

കൈവശം വെച്ചനുഭവിക്കുന്ന റീസര്‍വേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നല്‍കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. സര്‍ക്കാര്‍ ഏറ്റെടുത്ത റീസര്‍വേ 227ല്‍ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു.

എന്നാല്‍ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യര്‍ റീസര്‍വേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടു. ഒപ്പം റീസര്‍വേ 227ല്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുത്ത താഹസില്‍ദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സര്‍ക്കാര്‍ പുറമ്പോക്കും ലിജിക്ക് ലഭിച്ചു.

ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

pathram desk 1:
Leave a Comment