പറക്കലിനിടെ ഹെലികോപ്റ്റര്‍ വയലില്‍ ഇറക്കി (വീഡിയോ കാണാം)

ആലപ്പുഴ: യന്ത്രത്തകരാറിനെത്തുടര്‍ന്നു നാവികസേനയുടെ വിമാനം അടിയന്തരമായി വയലില്‍ ഇറക്കി. മുഹമ്മ കെ.പി. മെമോറിയല്‍ സ്‌കൂളിനു സമീപം ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. വടക്കേക്കരി പാടത്ത് സുരക്ഷിതമായി ഹെലികോപ്റ്റര്‍ ഇറക്കാനായെന്നു നാവികസേന അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ലഫ്.ബല്‍വിന്ദര്‍, ലഫ്. കിരണ്‍ എന്നിവരും സുരക്ഷിതരാണ്.
സതേണ്‍ നേവല്‍ കമാന്‍ഡിന്റെ ചേതക് ഹെലികോപ്റ്ററാണ് പാടത്തിറക്കിയത്. പതിവു നിരീക്ഷണപ്പറക്കലിനായി നാവികസേനയുടെ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ എയര്‍ സ്‌റ്റേഷനില്‍ നിന്ന് രാവിലെ ഒന്‍പതരയോടെയാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. യാത്ര ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഓയില്‍ പ്രഷര്‍ കുറഞ്ഞതിന്റെ സൂചന കാണിച്ചത്. തുടര്‍ന്നു സുരക്ഷിതസ്ഥാനത്തിനു വേണ്ടിയുള്ള തിരച്ചിലിലാണ് വടക്കേക്കരി പാടം ശ്രദ്ധയില്‍പ്പെട്ടതും ഹെലികോപ്റ്റര്‍ നിലത്തിറക്കിയതും.
നാവികസേനയുടെ ടെക്‌നിക്കല്‍ സംഘം കൊച്ചിയില്‍ നിന്ന് മുഹമ്മയിലെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു കൊണ്ടുപോകും.

pathram:
Leave a Comment