ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ആശ്വാസം; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. നേരത്തെ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും തടഞ്ഞു.

താമസം വരുത്തിയതിന് ഡി.ജി.പി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതിലും കോടതി അതൃപ്തി അറിയിച്ചു. കോടതി വിധിയുണ്ടായിട്ടും എ.ജി യുടെ ഉപദേശം തേടിയതെന്തിനെന്ന് ഡി.ജി.പി വ്യക്തമാക്കണം. കേസെടുക്കാന്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് ആറു ദിവസം വൈകിയത് എന്ന് ചോദിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന് നേരിട്ട് ഹാജരായി വിശദികരണം നല്‍കണം എന്ന് കെമാല്‍ പാഷ ഉത്തരവിട്ടതിന് പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ച് കേസ് എടുക്കുന്നത് സ്റ്റേ ചെയ്തത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വിധിയും ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

കോടികളുടെ ഭൂമിയിടപാട് കേസില്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.പി.സി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്ന ആക്ഷേപം. അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭയ്ക്ക് അന്യായമായ നഷ്ടം വരണമെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് അഞ്ചിടത്തെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളായി വിറ്റതെന്നും പരാതിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

pathram desk 1:
Leave a Comment