അരുണ്‍ ഗോപി ചിത്രത്തില്‍ പ്രണവെത്തുന്നത് റൊമാന്റിക് ഹീറോയായി!!! നായികയായെത്തുന്നത് പുതുമുഖ താരം

ജീത്തു ജോസഫ് ചിത്രം ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നത് സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചിത്രത്തിലാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിന്നു. രാമലീലയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചതായാണ് വിവരം. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.

ആക്ഷന്‍ ഹീറോ എന്ന ഗെറ്റപ്പാണ് ആദിയിലൂടെ പ്രണവിന് ലഭിച്ചത്. അതുകൊണ്ട് തന്നെ പ്രണവിന് റൊമാന്‍സ് എത്രത്തോളം വഴങ്ങുമെന്ന് പ്രേക്ഷകര്‍ക്ക് സംശയവുമാണ്. മാത്രമല്ല റൊമാന്‍സ് സീനുകളിലൊന്നും അഭിനയിക്കാന്‍ തന്നെക്കൊണ്ട് കഴിയില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ആദിയില്‍ പ്രണവിന് റൊമാന്‍സ് സീനുകളോ നായികയോ ഇല്ലായിരുന്നു. അദിതി രവിയും അനുശ്രീയും ചിത്രത്തിലുണ്ടായിരുന്നെങ്കിലും പ്രണവിന്റെ നായികമാരായിരുന്നില്ല.

എന്നാല്‍ അരുണ്‍ ഗോപിയുടെ ചിത്രത്തിലൂടെ റൊമാന്റിക് ഹീറോയായി എത്താനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്രണവിന്റെ നായികയായി പുതുമുഖ താരം എത്തുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. സിനിമയുടെ താരനിര്‍ണ്ണയത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. നവംബറോട് കൂടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം ക്രിസ്മസിന് തീയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

pathram desk 1:
Leave a Comment