പാകിസ്താന്‍ തീവ്രവാദികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഭീമമായ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് യു.എസ്

വാഷിങ്ട്ടണ്‍: പാകിസ്താനിലെ തീവ്രവാദ നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഭീമമായ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. പാകിസ്താനിലെ താലിബാന്‍ നേതാവ് മുല്ല ഫസലുല്ലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളറും പാക് താലിബാന്റെ മറ്റൊരു ഗ്രൂപ്പിന്റെ തലവനായ അബ്ദുള്‍ വാലി, നാറ്റോയെ ആക്രമിച്ച സേനയുടെ നേതാവായ മംഗല്‍ ബാഗ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 3 മില്ല്യണ്‍ വീതവും പ്രതിഫലം നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തമിനാ ജാന്‍ജുവയുടെ യു.എസ്. സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രഖ്യാപനം. തീവ്രവാദത്തെ ചെറുക്കുക, അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാനായുളള നയതന്ത്രമാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നീ വിഷയങ്ങളിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ജാന്‍ജുവയും ചര്‍ച്ച നടത്തിയത്.

മൂന്ന് പാകിസ്താന്‍ തീവ്രവാദ നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിക്കുന്നു. കാരണം ഇവര്‍ പാകിസ്ഥാനും യു.എസ്. നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാനിലെ സഖ്യസേനക്കും ഭീഷണിയാണ്. യു.എസ്. പ്രസ്താവനയില്‍ പറയുന്നു. ‘ഈ വ്യക്തികള്‍ നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അമേരിക്കക്കും പൗരന്‍മാര്‍ക്കും ഭീഷണിയും അപകടവും ഉണ്ടാക്കുന്നു,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

താലിബാന്‍ നേതാവ് മുല്ല ഫസലുല്ലയുടെ അനുയായികളാണ് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായിക്കു നേരെ വെടിയുതിര്‍ത്തത്.

pathram desk 1:
Leave a Comment