മധുവിനെ ഉപദ്രവിച്ചിട്ടില്ല; സെല്‍ഫി എടുത്തിട്ടേ ഉള്ളൂ.., വിശദീകരണവുമായി എംഎല്‍എ

പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദീന്‍. ആള്‍ക്കൂട്ടം മധുവിനെ മര്‍ദിക്കുന്നതിനിടെ സെല്‍ഫിയെടുത്ത ഉബൈദ്, തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു മുസ്ലീംലീഗിന്റെ നേതാവായ എംഎല്‍എയ്‌ക്കൊപ്പം എടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണു വിശദീകരണം. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂവെന്നും ഷംസുദീന്‍ പറഞ്ഞു.
‘തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു പങ്കെടുത്തവരുടെ ഫോട്ടോ ഉപയോഗിച്ചു തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണ്. രണ്ടു കൊല്ലം മുന്‍പു എടുത്ത ഫോട്ടോയാണിത്. പ്രചാരണത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ല. സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂ. പ്രദേശത്തെ ഒരു യുഡിഎഫ് പ്രവര്‍ത്തകനാണ് ഇക്കാര്യം രാവിലെ വിളിച്ചുപറഞ്ഞത്. ഉബൈദ് കാട്ടിലേക്കു പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂവെന്നും യുഡിഎഫിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകനാണു അറിയിച്ചത്’–ഷംസുദീന്‍ വിശദീകരിച്ചു.
‘ഉബൈദ് ആദിവാസി യുവാവിനെ കാട്ടില്‍ പോയി പിടിക്കാന്‍ ഉണ്ടായിരുന്നില്ല. അയാള്‍ സെല്‍ഫിയെടുത്തു സംഭവം പരസ്യമാക്കുക മാത്രമാണു ചെയ്തത്. താനത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നമ്മള്‍ അതിലൊന്നും ഇടപെടില്ല. നിയമം അതിന്റെ വഴിക്കു പോകും. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെടാനിടയായ സംഭവം അപലപനീയമാണ്. പ്രതികള്‍ക്കെല്ലാം ന്യായമായ ശിക്ഷ നല്‍കണം’– ഷംസുദീന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരമാണു കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച്, ഉടുത്തിരുന്ന മുണ്ട് അഴിച്ചു കയ്യില്‍ കെട്ടിയ ശേഷമായിരുന്നു മര്‍ദ്ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു. അട്ടപ്പാടി കടുകമണ്ണ ഊരില്‍ മല്ലന്റെ മകന്‍ മധുവാണു മരിച്ചത്. മുഴുവന്‍ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്‌റ്റേഷനു മുന്‍പില്‍ രാപകല്‍ സമരം ആരംഭിക്കുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി അറിയിച്ചു.
കേസില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തുമെന്നു മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഇതിനായി മണ്ണാര്‍ക്കാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മധുവിന്റെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. മുക്കാലി പാക്കുളത്തെ വ്യാപാരി കെ.ഹുസൈന്‍, സംഘത്തിലുണ്ടായിരുന്ന പി.പി.കരീം എന്നിവരെ അഗളി പെ!ാലീസ് അറസ്റ്റുചെയ്തു. മറ്റ് അഞ്ചു പേരെക്കൂടി ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന. ഐജി എം.ആര്‍.അജിത് കുമാറിനാണ് അന്വേഷണ ചുമതല. വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ മധുവിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നത്.

pathram:
Leave a Comment