കാമുകന് ആഡംബര ജീവിതം നയിക്കാന്‍ ബാങ്ക് ജീവനക്കാരി 35 കോടി തട്ടിയെടുത്തു

അബുദാബി: കാമുകന് ആഡംബര ജീവിതം നയിക്കാന്‍ യുവതിയായ ബാങ്ക് ജീവനക്കാരി ബാങ്കില്‍നിന്ന് തട്ടിയെടുത്തത് 35 കോടിയിലധികം രൂപ. അബുദാബിയിലാണ് സംഭവം. യുവതിയുടെ കാമുകനും ഇയാളുടെ സഹോദരങ്ങള്‍ക്കും 20 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 35 കോടിയിലധികം രൂപ) തിരിമറിയിലൂടെ നല്‍കിയ ബാങ്ക് ജീവനക്കാരിക്കെതിരെയാണ് അബുദാബി ക്രിമിനല്‍ കോടതിയില്‍ കേസുള്ളത്. തിരിമറിയിലൂടെ നേടിയ പണം ഉപയോഗിച്ച് വാങ്ങിയ കാറുകളും മറ്റുവസ്തുക്കളും വ്യാപാരങ്ങളും എല്ലാം ബാങ്ക് തിരിച്ചു പിടിക്കും. ഇതിലൂടെ ഏതാണ്ട് 15 മില്യണ്‍ ദിര്‍ഹം തിരികെ നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. യുവതിയുടെ സ്വത്തുക്കള്‍ ബാങ്ക് മരവിപ്പിച്ചുവെന്നും അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ കാമുകനായ വ്യക്തിയാണ് കേസില്‍ രണ്ടാം പ്രതി. ഇയാള്‍ യുവതിയേക്കാള്‍ ഏഴു വയസിന് ഇളയതാണ്. മൂന്നും നാലും പ്രതികളായ സഹോദരങ്ങളും പണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ട്. 2017 ജൂണിലാണ് സംഭവം നടന്നത്. അന്ന് ഒരു ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ ആയിരുന്നു യുവതി. സഹപ്രവര്‍ത്തകരില്‍ ഒരാളുടെ പാസ് സ്വന്തമാക്കിയായിരുന്നു തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
കാമുകനും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കും വേണ്ടി യുവതി കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ക്കുണ്ടായിരുന്ന കടം വീട്ടി, പ്രത്യേക നമ്പര്‍ പ്ലേറ്റുള്ള ആഡംബര കാറുകള്‍ വാങ്ങി, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ നല്‍കി, വിലകൂടിയ വാച്ചുകള്‍ സമ്മാനിച്ചുവെന്നും തെളിഞ്ഞു.
കോടതിയില്‍ ഏതാനും നിമിഷം മാത്രമാണ് വാദം നടന്നത്. പ്രതിഭാഗം അവരുടെ കാര്യങ്ങള്‍ വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള പ്രതികരണവും വന്നിട്ടില്ല. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment