കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വൈറലായ അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിനെതിരെ കോപ്പിയടി ആരോപണവുമായി സംവിധായകന്‍. ഒരൊറ്റ രംഗംകൊണ്ട് ഗാന രംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായിരിന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗം മറ്റൊരു മലയാള ചിത്രത്തില്‍ നിന്നും കോപ്പി അടിച്ചതാണെന്നാണ് വിവാദമുയരുന്നത്.
മജീദ് അബു സംവിധാനം ചെയ്ത കിടു എന്ന ചിത്രത്തിലെ രംഗത്തില്‍ നിന്നു കോപ്പി അടിച്ചതാണ് ഒരു അഡാര്‍ ലൗവിലെ സൈറ്റടി രംഗമെന്നാണ് ആരോപണമുയരുന്നത്. കിടുവിലെ സമാനമായ ഒരു രംഗത്തിന്റെ ഡി ഐ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. പുതുമുഖങ്ങളായ റംസാനും അനഘയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
വിനീത് ശ്രിനിവാസന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ബദലായി ഒരു അഡാര്‍ ലൗവിലെ രംഗം മജീദ് കോപ്പി അടിച്ചതാണെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. സംഭവം വാര്‍ത്തയായതോടെ വാസ്തവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കിടുവിന്റെ നിര്‍മാതാവ് സാബു പി കെ. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് സാബു ആരോപണങ്ങള്‍ക്ക് മറുപടിയുമായി വന്നത്.
‘എന്റെ സിനിമയിലെ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട് ഞാന്‍ ഇത് അഡാര്‍ ലൗവില്‍ നിന്നും കോപ്പി അടിച്ചതാണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ ഈസി ആയ ഒരു കാര്യമുണ്ട്. രണ്ടു പടത്തിന്റെയും എഡിറ്റര്‍ ഒരാളാണ്. അച്ചു വിജയന്‍. നവംബര്‍ 25ന് ന് പാക് അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാര്‍ ലൗവില്‍ ഈ എഡിറ്റര്‍ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ആ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പിയടിച്ചതാണെന്ന് . ഞങ്ങളങ്ങനെ പറയില്ല. പരാതിപ്പെടാനോ വിവാദമുണ്ടാക്കാനോ പോകുന്നില്ല. സിനിമയിലെ ഒരു ചെറിയ ഭാഗത്തെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങള്‍ സാദൃശ്യം ഉണ്ടായേക്കാം. കാരണം ജീവിതം അങ്ങനെയല്ലേ.’ സാബു പറഞ്ഞു.
Leave a Comment