ഷുഹൈബ് വധക്കേസില്‍ പിടിയിലായവര്‍ ഡമ്മി പ്രതികളല്ല, യഥാര്‍ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി, പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളെന്നു പൊലീസ്. കൃത്യം നടത്തിയവരാണു പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഡിജിപി വ്യക്തമാക്കി.

‘മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പിടിയിലായവര്‍ ഡമ്മി പ്രതികളല്ല, യഥാര്‍ഥ പ്രതികളാണ്. അറസ്റ്റിലായ എം.വി.ആകാശും രജിന്‍ രാജും കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്. ഇരുവരും സിപിഎമ്മുകാരാണ്. പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയതല്ല, കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തതാണ്. കൊലപാതകത്തിനുള്ള യഥാര്‍ഥ ലക്ഷ്യം, പിടിയിലായവരുടെ പങ്ക്, ആസൂത്രണത്തിന്റെ തലങ്ങള്‍ എന്നിവയെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാകില്ല. എത്ര സമയമെടുത്തിട്ടായാലും യഥാര്‍ഥ പ്രതികളെ മാത്രമേ പിടിക്കൂ. അക്രമം നടത്താനുപയോഗിച്ച വാഹനമോ ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല’- ഡിജിപി പറഞ്ഞു.

‘യഥാര്‍ഥ പ്രതികളല്ല, പൊലീസിന്റെ ശല്യം സഹിക്കാതെ കീഴടങ്ങിയവരാണ് എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശരിയല്ല. യഥാര്‍ഥ പ്രതികളാണെന്നു കൃത്യമായ തെളിവുസഹിതം പൊലീസിനു തെളിയിക്കാന്‍ കഴിയും. മുന്‍പു പലപ്പോഴും ഡമ്മി പ്രതികളെ പിടികൂടിയ സാഹചര്യം ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരപരാധിയായ ഒരാളെ പോലും ഒരു കേസിലും അറസ്റ്റ് ചെയ്തിട്ടില്ല. യഥാര്‍ഥ പ്രതികളല്ല എന്ന ഷുഹൈബിന്റെ വീട്ടുകാരുടെ പരാതിയില്‍ കാര്യമില്ല. പൊലീസിനു കിട്ടിയ അത്ര വിവരങ്ങള്‍ വീട്ടുകാര്‍ക്കു കിട്ടിയിട്ടില്ല. മൂന്നു ദിവസം കഴിഞ്ഞാണു മൊഴിയെടുക്കാന്‍ വീട്ടില്‍ എത്തിയതെന്നു പറയുന്നതും തെറ്റാണ്. ആദ്യ ദിവസം തന്നെ മഫ്തിയില്‍ പൊലീസുകാര്‍ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു’- രാജേഷ് ദിവാന്‍ വിശദീകരിച്ചു.

‘പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ ഏത് ഏജന്‍സിക്കും കേസ് കൈമാറാന്‍ തയാറാണ്. അന്വേഷണ സംഘത്തില്‍ ഭിന്നതയില്ല. ഒരു തരത്തിലുമുള്ള സമ്മര്‍ദവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഇല്ല. അന്വേഷണ സംഘത്തില്‍ ഒരുതരത്തിലുമുള്ള ഭിന്നതയുമില്ല. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം കുടുംബത്തിലെ അടിയന്തര മെഡിക്കല്‍ ആവശ്യവുമായി അവധിയെടുത്തതാണ്. റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതു പൊലീസിനുള്ളില്‍ നിന്നാണെന്നു വിശ്വസിക്കുന്നില്ല. പൊലീസിനെപ്പോലെ കുറ്റവാളികള്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ ആളുകളുണ്ടാകാം. അതുകൊണ്ടാണു മുടക്കോഴിമലയിലെ റെയ്ഡ് വിവരം ചോര്‍ന്നത്.

‘ഷുഹൈബ് വധവുമായി ബന്ധപ്പെട്ടു പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ല. സംഭവത്തിനുശേഷം വാഹന പരിശോധന നടത്തിയിരുന്നു. ഇക്കാര്യം ഡിസിസി പ്രസിഡന്റിനു ബോധ്യമുണ്ട്. ഒരേ സമയം 50 വീടുകളില്‍ വരെ തിരച്ചില്‍ നടത്തി. ഇവിടത്തെ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലെ പൊലീസിനെ കേസ് ഏല്‍പ്പിക്കാം. നിലവില്‍ കേസില്‍ യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ല. കൂടുതല്‍ പ്രതികള്‍ പിടിയിലായി ചോദ്യംചെയ്യല്‍ നടത്തിയശേഷം ആവശ്യമെങ്കില്‍ യുഎപിഎ ചുമത്തും. പരോളില്‍ ഇറങ്ങിയ ടിപി കേസ് പ്രതികള്‍ക്കു കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ല- ഡിജിപി വ്യക്തമാക്കി.

pathram desk 2:
Leave a Comment