പ്രിയാ വാര്യര്‍ക്ക് പിന്നാലെ കണ്ണിറുക്കി മോഹന്‍ലാല്‍!!! ഈ കണ്ണിറുക്കലില്‍ ഒരു കള്ളലക്ഷണമുണ്ട്, മനസ്സില്‍ എന്തോ മെനയുന്നുണ്ട്!!

ഒറ്റ ദിവസം കൊണ്ട് കണ്ണിറുക്കി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അടാര്‍ ലവ്വ്’ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലാണ് പ്രിയ ലോകം മുഴുവന്‍ ഹിറ്റായത്. എന്നാല്‍ കണ്ണിറുക്കലുമായി മറ്റൊരാള്‍ കൂടി വരുകയാണ്. പക്ഷേ, അത്ര റൊമാന്റിക്കല്ല ഈ കണ്ണിറുക്കല്‍ എന്നു മാത്രം. ഈ കണ്ണിറുക്കലും രൂപവും കണ്ടാല്‍ ആരുമൊന്ന് ഞെട്ടും.

കുറ്റിത്തലമുടിയും താടിയും നിറയെ വസൂരിക്കലയുമുള്ള മുഖത്തെ ഈ കണ്ണിറുക്കലില്‍ ഒരു കള്ളലക്ഷണമുണ്ട്. മനസ്സില്‍ എന്തോ മെനയുന്നുണ്ട്. ഇത് സാക്ഷാല്‍ ഇത്തിക്കരപക്കിയാണ്. കള്ളന്മാരുടെ നാട്ടുരാജാവ്. കായംകുളം കൊച്ചുണ്ണിയുടെ അടുത്ത കൂട്ടുകാരന്‍. കൊല്ലത്തെ ഇത്തിക്കരക്കാരന്‍.

അടുത്ത കാലത്തൊന്നും കാണാത്ത തികച്ചും വേറിട്ട ലുക്കിലാണ് നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കരപക്കിയാവുന്നത്. കഥാപാത്രത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ലുക്ക്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലാല്‍ തന്നെയാണ് ഈ ലുക്ക് പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മംഗലാപുരത്തെ ലൊക്കേഷനില്‍ ലാല്‍ ചേര്‍ന്നത്. നിവിനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അടക്കമുള്ളവര്‍ മധുരം നല്‍കിയാണ് ലാലിനെ സ്വീകരിച്ചത്.

വര്‍ഷങ്ങള്‍ക്കുശേഷമാണ് കായംകുളം കൊച്ചുണ്ണിയുടെയും ഇത്തിരക്കരപക്കിയുടെയും കഥ വെള്ളിത്തിരയിലെത്തുന്നത്. 1980ല്‍ പുറത്തിറങ്ങിയ ഇത്തിക്കരപക്കിയില്‍ പ്രേംനസീറും ജയനുമായിരുന്നു പ്രധാന വേഷത്തില്‍. 1966ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്.

pathram desk 1:
Related Post
Leave a Comment