പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം………മാര്‍ച്ച് വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ തയാറാകാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം. ഇതിനായി മാര്‍ച്ച് വരെ സമയം അനുവദിച്ചു. നികുതി അടയ്ക്കാന്‍ തയാറാകാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. നേരത്തെ ജനുവരി 15 വരെ നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയിരുന്നു.

ഈ കാലയളവിനുള്ളില്‍ നികുതിയടയ്ക്കാത്തവര്‍ പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷനേടാന്‍ കഴിയും. രണ്ടായിരത്തോളം ആഡംബരവാഹനങ്ങള്‍ നികുതി വെട്ടിക്കുന്നതിനുവേണ്ടി കൃത്രിമരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന്‍ നേടിയതായി കണ്ടെത്തിയിരുന്നു. നികുതി അടയ്ക്കുന്നതിനും രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുന്നതിനും നടപടിക്രമങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പോണ്ടിച്ചേരിയില്‍നിന്നുള്ള എതിര്‍പ്പില്ലാരേഖ ഇല്ലെങ്കിലും നികുതി സ്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോണ്ടിച്ചേരി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ, വാഹനത്തിന്റെ വില രേഖപ്പെടുത്തിയ ബില്ലോ നികുതി അടയ്ക്കാനുള്ള രേഖയായി സ്വീകരിക്കും. വാഹനം ഇറങ്ങിയ വര്‍ഷം മുതല്‍ 15 വര്‍ഷത്തേയ്ക്കുള്ള നികുതി അടയ്ക്കണം. വിലയുടെ 20 ശതമാനമാണ് റോഡ് നികുതി. ഇതിനുശേഷം വാഹനത്തിന്റെരജിസ്ട്രേഷന്‍ സംസ്ഥാനത്തേയ്ക്ക് മാറ്റണം.

pathram desk 2:
Related Post
Leave a Comment