തോമസ് ചാണ്ടിക്കെതിരെയുള്ള കൈയേറ്റ വാര്‍ത്ത: എഷ്യാനെറ്റ് എഡിറ്റോറിയല്‍ ടീം കോടതി കയറേണ്ടി വരും? വിനു വി ജോണിനും ടി വി പ്രസാദിനുമെതിരെ അപകീര്‍ത്തി കേസ്!!

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായ തോമസ് ചാണ്ടി കായല്‍ കൈയേറി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസ്. ഗോവയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എം ജി രാധാകൃഷ്ണന്‍, ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍, ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ്, റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് എന്നിവര്‍ക്കെതിരായാണു സ്വകാര്യ അന്യായം സമര്‍പ്പിച്ചിരിക്കുന്നത്

എന്‍.സി.പിയുടെ ഗോവ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജോസ് ഫിലിപ് ഡിസൂസയാണ് പനജി ഫസ്റ്റ് ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപകീര്‍ത്തികേസ് സ്വകാര്യ അന്യായമായി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തോമസ് ചാണ്ടി രാജ്യത്ത് പാര്‍ട്ടിയുടെ നിലവിലെ ഏക മന്ത്രിയായിരിക്കവെ അദ്ദേഹത്തിനെതിരെ വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കി എന്നാണ് പരാതിയില്‍ ആരോപണം. വാര്‍ത്തകളിലൂടെയും ന്യൂസ് അവര്‍ ചര്‍ച്ചകളിലൂടെയും മന്ത്രിയുടെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകര്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്നും ഗൂഡാലോചന നടന്നതായും ആരോപിക്കുന്നു.

വാര്‍ത്തകളെ തുടര്‍ന്ന് ഗോവയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടന്നതായും അവര്‍ വാര്‍ത്തയിലെ ആരോപണങ്ങള്‍ വിശ്വസിച്ച നിലയിലാണെന്നും ഇത് രാജ്യമാസകലം പാര്‍ട്ടിക്ക് അപകീര്‍ത്തി ഉണ്ടാക്കി എന്നും ജോസ് ഫിലിപ് ഡിസൂസ പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച കോടതി ക്രിമിനല്‍ നടപടി ചട്ടം 200 ാം വകുപ്പ് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സമന്‍സ് അയക്കുകയായിരുന്നു.

2017 ഓഗസ്റ്റ് 11 ാം തീയതി മുതലാണ് തോമസ് ചാണ്ടിക്കെതിരായി ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കി തുടങ്ങിയത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങിന്റെ ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡ് ടാര്‍ ചെയ്തു എന്നതില്‍ തുടങ്ങിയത് പിന്നീട് കായല്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലേക്ക് എത്തുകയായിരുന്നു. ഏറെ കോലാഹലങ്ങള്‍ക്ക് ശേഷം കേരള സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും കോടതി വിമര്‍ശനം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നിരിന്നു.

pathram desk 1:
Leave a Comment