റാണ ദഗുബതി കേരളത്തില്‍ എത്തി, മാര്‍ത്താണ്ഡവര്‍മ്മക്കായി അരയും തലയും മുറുക്കി

തിരുവനന്തപുരം: മാര്‍ത്താണ്ഡവര്‍മ്മയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സൂപ്പര്‍ താരം റാണ ദഗുബതി തിരുവനന്തപുരത്തെത്തി. ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ: ദി കിങ് ഓഫ് ട്രാവന്‍കൂര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലേക്കുള്ള റാണയുടെ ആദ്യ ചുവടുവെപ്പായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.തലസ്ഥാനത്തെത്തിയ റാണ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സംവിധായകന്‍ കെ. മധുവും റാണയ്ക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് കവടിയാര്‍ കൊട്ടാരത്തിലെത്തി രാജകുടുംബാങ്ങളേയും റാണ കണ്ടു. മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രം പറയുന്ന പുസ്തകമാണ് രാജകുടുംബം സൂപ്പര്‍താരത്തിന് സമ്മാനിച്ചത്.

‘ഇങ്ങിനെയൊരു ചിത്രത്തെ പറ്റിയുള്ള ആശയം ഉടലെടുത്തത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇവിടെ നിന്നു തുടങ്ങണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ -കെ. മധു പറയുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന റാണ വിവിധ ലൊക്കേഷനുകള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ക്ഷേത്രദര്‍ശനത്തിനുശേഷം റാണ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തനിക്ക് ലഭിച്ച പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയുന്നതായും റാണ പറഞ്ഞു. റാണയോടൊപ്പമുള്ള ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സംവിധായകന്‍ കെ. മധു ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment