വീപ്പക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്? പൊലീസ് ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ചു

കൊച്ചി: വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. ഒന്നര വര്‍ഷം മുന്‍പ് എറണാകുളം പുത്തന്‍ വേലിക്കരയില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് പ്രാഥമിക നിഗമനം. എന്നാല്‍ അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനയില്‍ 30 നടുത്ത് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന കണ്ടെത്തലാണ് പൊലീസിനെ കുഴക്കുന്നത്.

അതേസമയം കാണാതായ ശകുന്തളയ്ക്ക് 60 വയസാണ് പ്രായം. ഈ ആശയകുഴപ്പം തീര്‍ക്കാനും മരിച്ചത് ശകുന്തള തന്നെയാണോയെന്ന് വ്യക്തമാകാനും ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പൊലീസ് ശേഖരിച്ചു. ഇത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരുടെ കാലിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ പ്രായം കേസിനെ കുഴക്കുന്നു. എന്നാല്‍ ശകുന്തള ന്യൂഡല്‍ഹിയിലെവിടെയോ ഉണ്ടാകുമെന്നാണ് ബന്ധുക്കളുടെ വാദം. ഇതിനായി ന്യൂഡല്‍ഹി പൊലീസുമായും കേരള പൊലീസ് ബന്ധപ്പെടുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസ് ഡല്‍ഹിയിലെത്തി പരിശോധന നടത്തും.

മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിഎന്‍എ പരിശോധന ഫലത്തില്‍ ചേര്‍ച്ചയില്ലെങ്കില്‍ പൊലീസിന് കൂടുതല്‍ പ്രതിസന്ധിയുണ്ടാകും. ഉയരമടക്കം മറ്റ് സൂചനകളും ശകുന്തളയുടേതുമായി ഒത്തുചേര്‍ന്നിട്ടുണ്ട്. മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ മരിച്ചയാള്‍ക്ക് 153 സെന്റിമീറ്റര്‍ ഉയരമുണ്ടാകുമെന്നാണ് വ്യക്തമായത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ നിഗമനം ആകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കുമ്പളത്ത് പൊതുശ്മശാനത്തിന് സമീപത്ത് വീപ്പയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. മുകളിലും താഴെയും കോണ്‍ക്രീറ്റ് മിക്‌സ് വച്ചടച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ നിന്ന് വെള്ളിയരഞ്ഞാണവും മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടും കണ്ടെത്തിയിരുന്നു. നോട്ട് നിരോധനത്തിന് മുന്‍പുളള അഞ്ഞൂറ് രൂപ നോട്ട് ചുരുട്ടിവച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഉദ്ദേശം ഒരു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടതാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

pathram desk 1:
Leave a Comment