ഹരിവരാസനം പുരസ്‌കാരം, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു

ശബരിമല: മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്കു സന്നിധാനത്ത് വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര, യേശുദാസിനൊപ്പം ചേര്‍ത്തുവെക്കാവുന്ന അതുല്യ ഗായികയാണെന്നും ഹരിവരാസനം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണെന്നും മന്ത്രി പറഞ്ഞു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണിതെന്ന് മറുപടി പ്രസംഗത്തില്‍ ചിത്ര പറഞ്ഞു. മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദര്‍ശനം നടത്തിയാണ് ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയത്. ശ്രീധര്‍മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ബി.അജയകുമാര്‍ പ്രശസ്തി പത്രം വായിച്ചു. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്ര നടത്തിയ ഗാനാര്‍ച്ചന തീര്‍ഥാടകര്‍ക്ക് വിരുന്നായി.

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എസ്.സിരിജഗന്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട.ജസ്റ്റിസ് അരിജിത് പസായത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണര്‍ സി.പി.രാമരാജപ്രേമ പ്രസാദ്, നടന്‍ ജയറാം എന്നിവര്‍ സംസാരിച്ചു.

pathram desk 2:
Leave a Comment