58ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും; 874 പോയിന്റുമായി കോഴിക്കോട് മുന്നില്‍, തൊട്ടുപിന്നില്‍ പാലക്കാട്

തൃശൂര്‍: 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. 49 മത്സര ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 874 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്തുള്ളത്. 868 പോയിന്റുമായി പാലക്കാടും 855 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങള്‍. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

അതേസമയം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനുള്ള അപ്പീലിന് ബാലവകാശ കമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. നൃത്താധ്യാപകരായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ച് ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അന്വേഷിക്കുന്നു.

മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. വട്ടപ്പാട്ടിനു മലപ്പുറത്തുനിന്നെത്തിയ അപ്പീല്‍, മത്സരത്തില്‍ വളരെ മോശം നിലവാരം പുലര്‍ത്തിയതായിരുന്നു. 12 അപ്പീലുകളെങ്കിലും വ്യാജരേഖയുടെ ബലത്തിലാണു വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പീലിനോടൊപ്പം സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വിവരം ഉടന്‍ ഡിപിഐക്കു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഐജി എസ്.ശ്രീജിത്തിനും എസ്പി പി.എന്‍.ഉണ്ണിരാജയ്ക്കുമായിരുന്നു അന്വേഷണച്ചുമതല.

pathram desk 1:
Leave a Comment