സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ അധികാരമുണ്ട്; കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജീവിതത്തില്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്നും കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും സ്വന്തം ജീവിതത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ട്. മതപരമായ ഒരു വിലക്കും അതിനുണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ മകളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍വെയ്ക്കാനുള്ള അവകാശം മാതാവിനു നല്‍കി കുടുംബക്കോടതിയുടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയായശേഷം കുവൈറ്റിലുള്ള പിതാവിനൊപ്പം കഴിയാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മാതാവ് കോടതിയെ സമീപിച്ചത്.

‘പ്രായപൂര്‍ത്തിയായ യുവതിയെന്ന നിലയില്‍ നിലയില്‍ അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കാം. അവര്‍ക്ക് ഇഷ്ടമുള്ളിടത്തുപോകാനുള്ള അവകാശം അവര്‍ക്കുണ്ട്. ഇഷ്ടമുള്ളത് ചെയ്യാനും.’ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തന്റെ ലക്ഷ്യം നേടാനുള്ള അവകാശം പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കുണ്ട്. ലക്ഷ്യത്തിലേക്കുള്ള അവരുടെ യാത്രയെ തടസപ്പെടുത്താനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹാദിയ കേസില്‍ മാതാപിതാക്കളുടെ കസ്റ്റഡിയ്ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച അതേ ജഡ്ജിയാണ് ഈ കേസിലും പരാമര്‍ശം നടത്തിയിരിക്കുന്നത്. പഠനം തുടരാന്‍ ഹാദിയയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.

pathram desk 1:
Related Post
Leave a Comment