വളരെ അക്രമാസക്തമായ ലുക്കിൽ വിക്രം പ്രഭു…!!! അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’; വിക്രം പ്രഭുവിൻ്റെ ഫസ്റ്റ് ലുക്ക് ജന്മദിനത്തിൽ പുറത്തുവിട്ടു…

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’യിൽ തമിഴ് താരം വിക്രം പ്രഭു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും കാരക്ടർ ഗ്ലിമ്പ്സ് വീഡിയോയും പുറത്ത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ഇവ രണ്ടും പുറത്ത് വിട്ടിരിക്കുന്നത്. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2025 ഏപ്രിൽ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. നേരത്തെ അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിമ്പ്സ് വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

വളരെ അക്രമാസക്തമായ ലുക്കിലാണ് വിക്രം പ്രഭുവിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇടതൂർന്ന വനങ്ങളിലൂടെയും പരുക്കൻ ഘാട്ട് പ്രദേശങ്ങളിലൂടെയും വിക്രത്തെ പോലീസ് പിന്തുടരുന്നതായി ഗ്ലിമ്പ്സ് വീഡിയോയിൽ കാണാം. അദ്ദേഹം ഗുണ്ടകളെ നേരിടുന്ന തീവ്രമായ ആക്ഷൻ സീക്വൻസുകളുടെ ഒരു പരമ്പരയാണ് തുടർന്ന് കാണാൻ സാധിക്കുക. ആക്ഷൻ സീനുകൾ നിറഞ്ഞ ഈ വീഡിയോ അവസാനിക്കുന്നത് റൊമാന്റിക് മൂഡിലാണ്. ബൈക്കുകളിൽ സമാന്തരമായി സഞ്ചരിക്കുന്ന വിക്രമും അനുഷ്കയും അർത്ഥവത്തായതും സൂക്ഷ്മവുമായ ഒരു നിമിഷം പങ്കിടുകയും പരസ്പരം പുഞ്ചിരിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. ഇത് അവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ഗംഭീര ആക്ഷൻ രംഗങ്ങൾക്കൊപ്പം ആകർഷകമായ ഒരു പ്രണയകഥയിലേക്ക് കൂടി വിരൽ ചൂടുന്ന ഗ്ലിമ്പ്സ് ആണ് പുറത്ത് വന്നിരിക്കുന്നത്.

‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.

സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

pathram desk 1:
Related Post
Leave a Comment