13 വർഷങ്ങൾക്കു ശേഷം സിനിമ പോലെ താൻ ആത്മാവിൽ കൊണ്ടുനടക്കുന്ന റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കി ‘തല’ അജിത് കുമാർ. റേസിങ് സീസൺ ആരംഭിക്കുന്നതുവരെ ഒരു സിനിമയുമായും കരാറിലേർപ്പെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തമിഴകത്തെ സൂപ്പർതാരം അജിത് കുമാർ ട്രാക്കിലോടി തുടങ്ങിയത്. ഒപ്പം ഒരു പതിറ്റാണ്ടോളമുള്ള തിരിച്ചുവരവിനായുള്ള കാത്തിരിപ്പ്. പരിശീലനത്തിൽ അപകടം ആശങ്ക നിറച്ചെങ്കിലും പതറിയില്ല. കാര്യമായ പരിക്കേൽക്കാത്തതിനാൽ മുന്നോട്ടുതന്നെ കുതിച്ചു. ഒടുക്കം 24 എച്ച് ദുബായ് 2025 കാറോട്ട മത്സരത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി തമിഴകത്തിന്റെ തല തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കി.
ഒപ്പം ട്രാക്കിൽ ഇടറിയപ്പോൾ കൈപിടിച്ച ഭാര്യ ശാലിനിക്കു നന്ദി പറയാനും താരം മറന്നില്ല. വിജയാഹ്ലാദത്തിനിടെ ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദിയെന്നായിരുന്നു അജിത്തിന്റെ വാക്കുകൾ. കൂടെയുണ്ടായവരെല്ലാം കയ്യടിച്ച് നടന്റെ വാക്കുകളെ ഏറ്റെടുത്തു. വിജയത്തിന് ശേഷം ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സന്തോഷം പങ്കിടുന്ന രംഗങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. മകനെ കെട്ടിപ്പിടിക്കുന്നതും ശാലിനിയെ ചുംബിക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധിപേർ ഈ നേട്ടത്തിൽ നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
13 വർഷത്തിന് ശേഷമാണ് നടൻ ട്രാക്കിൽ വീണ്ടുമെത്തുന്നത്. റേസിങ് ട്രാക്കിലേക്കുള്ള നടന്റെ തിരിച്ചുവരവിൽ ആദ്യം ആശംസ നേർന്നവരിൽ ശാലിനിയുമുണ്ടായിരുന്നു. അജിത് കുമാർ റേസിങ് കമ്പനി ആരംഭിച്ച് നടൻ ട്രാക്കിലേക്കുള്ള വഴിയിൽ തിരിച്ചെത്താനുള്ള തീരുമാനമെടുത്തപ്പോൾ ശാലിനിയും കൂടെനിന്നു. റേസിങ് ഡ്രൈവറായി നിങ്ങൾ തിരിച്ചെത്തുന്നത് കാണുന്നത് സന്തോഷകരമാണ്. നിങ്ങൾക്കും ടീമിനും സുരക്ഷിതവും വിജയകരവുമായ ഒരു റേസിങ് കരിയർ ആശംസിക്കുന്നു- ശാലിനി അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇപ്പോഴിതാ 24 എച്ച് ദുബായ് റേസിങ്ങിൽ മൂന്നാമതായി ഫിനിഷ് ചെയ്തിരിക്കുകയാണ് താരം. ഈ വിവരം താരത്തിന്റെ മാനേജർ എക്‌സിലൂടെ അറിയിക്കുകയായിരുന്നു. 991 വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയതായും അപകടത്തിനുശേഷമുള്ള ഉജ്ജ്വലതിരിച്ചുവരവെന്നും അദ്ദേഹം കുറിച്ചു. നേരത്തേ റേസിങ് പരിശീലനത്തിനിടെയാണ് അജിത്തിന്റെ കാർ അപകടത്തിൽപെട്ടത്. ദുബായ് എയറോഡ്രോമിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ പെടുമ്പോൾ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്റർ ആയിരുന്നു. അതിവേഗത്തിൽ ചീറിപ്പായുമ്പോൾ കാർ ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. മുൻവശം തകർന്ന കാർ, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടൻതന്നെ രക്ഷാപ്രവർത്തകരെത്തി അജിത്തിനെ പുറത്തിറക്കി.
2002-ൽ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയിൽ നടന്ന വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചു. 2003-ൽ, ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും മുഴുവൻ സീസണും പൂർത്തിയാക്കുകയും ചെയ്തു. 2004-ൽ ബ്രിട്ടീഷ് ഫോർമുല 3-ൽ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാൽ സീസൺ പൂർത്തിയാക്കാൻ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010-ൽ യൂറോപ്യൻ ഫോർമുല 2 സീസണിൽ മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് മത്സരം മുഴുവൻ പൂർത്തിയാക്കാനായില്ല.
നിലവിൽ ‘അജിത് കുമാർ റേസിങ്’ എന്ന ടീമിന്റെ ഉടമ കൂടിയാണ് താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയക്‌സ്, കാമറൂൺ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോർഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Leave a Comment