വാളയാർ കേസിൽ സംഭവിച്ചതെന്ത്…? മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്…!!! ബന്ധുവായ പ്രതിയെ വീട്ടില്‍ കയറി തല്ലിയെന്നും കുടുംബം… അന്ന് നിയമവശങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്…!! പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കും….

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കുടുംബം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും ബന്ധുവായ പ്രതി മകളോട് മോശമായി പെരുമാറിയത് ശ്രദ്ധയിപ്പെട്ടപ്പോള്‍ വീട്ടില്‍ കയറി തല്ലിയെന്നും കുടുംബം വ്യക്തമാക്കി. അന്ന് നിയമവശങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നതെന്നാണ് വാദം.

പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ.രാജേഷ്.എം.മേനോനെ ഇനിയെങ്കിലും പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിന്റെ അവകാശമാണ് വിശ്വാസമുള്ള പ്രോസിക്യൂട്ടര്‍ വേണമെന്നത്. നിലവിലെ പ്രോസിക്യൂട്ടര്‍ ഫോണില്‍ പോലും വിളിച്ച് വിവരങ്ങള്‍ തേടിയിട്ടില്ല. പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കും – കുട്ടികളുടെ കുടുംബം വിശദമാക്കി.

സിബിഐ കുറ്റപത്രം യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാര്‍ നീതിസമരസമിതി ആരോപിച്ചിരുന്നു. ഈ കേസില്‍ സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം പാലക്കാട് പോക്‌സോ കോടതി തള്ളിയതിനെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട സിബിഐയുടെ രണ്ടാം അന്വേഷണസംഘവും കേസില്‍ കൊലപാതകത്തിന്റെ സാധ്യത തേടുകപോലും ഉണ്ടായില്ല. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടും കുട്ടിയുടെ ഉയരവും സെലോഫിന്‍ പരിശോധനാവിവരങ്ങളും ആദ്യത്തെ കുട്ടി കൊല്ലപ്പെട്ടപ്പോള്‍ രണ്ടാമത്തെ കുട്ടി നല്‍കിയ മൊഴികളും ആത്മഹത്യ ചെയ്ത പ്രതിയുടെ ഫോണ്‍ വിവരങ്ങളും മറ്റു പല സാഹചര്യതെളിവുകളും അവര്‍ പരിഗണിച്ചതേയില്ലെന്നും വാളയാര്‍ നീതിസമരസമിതി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ത്താണ് സിബിഐ ഇന്നലെ അനബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്‌സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വിദ്യാർഥിനിയെ 5 വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചു…!!! പ്രാഥമിക പരിശോധനയിൽതന്നെ 62 പ്രതികൾ… 40 പേർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു…!!!

എന്താണ് വാളയാർ കേസ്…?

പാലക്കാട് ജില്ലയിലെ കേരളാ-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ വാളയാറില്‍ 13, 9 വയസുകളുള്ള സഹോദരങ്ങളായ രണ്ട് ദളിത് പെണ്‍കുട്ടികളെ 2017 ജനുവരി, മാർച്ച് മാസങ്ങളിൽ അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതാണ് വാളയാര്‍ കേസ്.

കൊല്ലപ്പെട്ട മൂത്ത പെൺകുട്ടിയെ 2017 ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകമാണോ എന്ന് സംശയം ഉള്ളതിനാല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മൂത്തകുട്ടിയുടെ മരണം ക്രൈം നമ്പര്‍ 43/2017 പ്രകാരവും രണ്ടാമത്തെ പെണ്‍കുട്ടിയുടേത് ക്രൈം നമ്പര്‍ 240/2017 പ്രകാരവുമാണ് വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടക്കത്തിൽ തന്നെ കേസ് അട്ടിമറിക്കുന്ന സമീപനമാണ് പൊലീസും അധികൃതരും സ്വീകരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. രണ്ട് പെണ്‍മക്കളെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് നേരില്‍ കണ്ടെന്ന് മൂത്തമകള്‍ മരിച്ച ശേഷം ഇവർ പൊലീസിന് മൊഴി നല്‍കിയിരുന്നു. അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. പ്രതികളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ജാമ്യത്തിലിറക്കി.

ആദ്യത്തെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടന്നെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു- രക്ഷിതാക്കളും വീട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ഇളയ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ അവളുടെ പെറ്റിക്കോട്ടിനുളളില്‍ ചേച്ചിയുടെ ഫോട്ടോ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ബന്ധുക്കളായ ചിലരെ പ്രതികളാക്കി പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യ മരണം നടന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് രാത്രി ഏഴരയ്ക്കാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇന്‍ക്വസ്റ്റ് നടത്തി. പരിശോധനയില്‍ ചെറിയ മുറിവുകളും പോറലുകളും ശരീരത്തിന്റെ പല ഭാഗത്തും കണ്ടെത്തി. അടുത്ത ദിവസം പോസ്റ്റ്‌മോര്‍ട്ടം നടത്തി.

കുട്ടിയുടെ സ്വകാര്യഭാഗത്ത് അണുബാധയുണ്ടെന്ന് കണ്ടു. എന്തെങ്കിലും അസുഖമോ അല്ലെങ്കില്‍ ലൈംഗിക പീഡനത്തിന് വിധേയമായത് കൊണ്ടോ ഉണ്ടായതാകാം ഇത്. ഫോറന്‍സിക് റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കിലും ലൈംഗിക പീഡന സാധ്യത തള്ളിക്കളയാനാകില്ല. ഇക്കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസിസ്റ്റന്റ് സര്‍ജന്‍ എഴുതി. പക്ഷെ, അത്മഹത്യയാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷമാണ് കേസ് നിയമസഭയിൽ ചര്‍ച്ചയാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും നിയമസഭയില്‍ കേസ് സംബന്ധിച്ച് ആക്ഷേപങ്ങളുയര്‍ത്തി. അതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

നര്‍ക്കോട്ടിക്സ് സെല്‍ പാലക്കാട് ഡിവൈഎസ്പി എംജി സോജന് അന്വേഷണ ചുമതലയും നല്‍കി. തുടര്‍ന്ന് ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.ഐ ചാക്കോയെ സസ്‌പെന്‍ഡ് ചെയ്തു. ഇളയ സഹോദരി മരിച്ച ശേഷമാണ് എ.സി.പി പൂങ്കുഴലി അന്വേഷണ ചുമതല ഏറ്റെടുത്തത്. അതിന് ശേഷം അന്വേഷണം കൃത്യമായി നടന്നിരുന്നു. രണ്ടാമത്തെ തൂങ്ങിമരണവും കൊലപാതകമാണോ എന്ന സംശയവും ഉയര്‍ന്നു.

പലതവണ പീഡനം

രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ പലതവണ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പോക്‌സോ കേസ് ചുമത്തി. ബലാല്‍സംഗ കേസ് ചാര്‍ജ്ജ് ചെയ്തു. ബന്ധുക്കളും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും അടക്കം ഏഴുപേരെ പ്രതികളാക്കി. അന്വേഷണത്തിനിടെ ചോദ്യം ചെയ്യാന്‍ വിളിച്ച പ്രവീണ്‍ (29) എന്ന യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവര്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു.

രാജാക്കാട് സ്വദേശി ഷിബു രണ്ടാം പ്രതിയും ചേര്‍ത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഷിബു അച്ഛനമ്മമാരുടെ കൂടെ ജോലി ചെയ്തിരുന്നയാളാണ്. ഇയാള്‍ പതാവായി വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. 2017 ജൂണ്‍ 22ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെയുള്ള നാല് പേര്‍ക്കെതിരെ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍), ഐപിസി 376 (ബലാത്സംഗം), എസ്.സി /എസ്.ടി ( പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി.

2019 ഒക്ടോബര്‍ 15ന് തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതിയായ പ്രദീപ്കുമാറിനെ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ) വെറുതെ വിട്ടു. ഒക്ടോബര്‍ 25ന് മറ്റ് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെ തെളുവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി.

2019 നവംബര്‍ 19ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്വേഷണത്തിലും വിചാരണയിലും വീഴ്ച സംഭവിച്ചതായി ആരോപിച്ചു. വീണ്ടും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു.
2020 ഒക്ടോബര്‍ 10ന് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തി. ശേഷം പാലക്കാട്ടെ വീട്ടിന് മുന്നിലും സമരം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനും അടക്കം പിന്തുണ അറിയിച്ച് എത്തിയിരുന്നു.

മാതാപിതാക്കള്‍ എന്തിനാണ് സമരം നടത്തുന്നതെന്ന് പട്ടികജാതി മന്ത്രി എ.കെ ബാലന്‍ ചോദിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ മന്ത്രിയുടെ പാലക്കാട്ടെ വീട്ടിലേക്ക് കാല്‍നട യാത്രയും നടത്തിയിരുന്നു. അതിന് ശേഷം മന്ത്രി രണ്ട് പേരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. കേസില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാമെന്ന് ഉറപ്പും നല്‍കിയിരുന്നു.

കേസ് സിബിഐ ഏറ്റെടുത്തു

ഈ കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. പക്ഷേ ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

walayar case history cbi police kerala police

pathram desk 1:
Related Post
Leave a Comment