വാഷിങ്ടൻ ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി വച്ച അവസരം മുതലെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആ പഴയ ‘ഓഫർ’ ആവർത്തിച്ചു: കാനഡയെ യുഎസിന്റെ 51–ാമത് സംസ്ഥാനമാക്കാം.
‘കാനഡക്കാർക്കിഷ്ടം 51–ാമത് സംസ്ഥാനമാകാനാണ്. ഭീമമായ വ്യാപാരകമ്മിയും സബ്സിഡികളും സഹിക്കാൻ ഇനി യുഎസിനെ കിട്ടില്ല. ട്രൂഡോയ്ക്ക് ഇക്കാര്യമറിയാം. അതുകൊണ്ടാണ് രാജിവച്ചത്’– സമൂഹമാധ്യമത്തിൽ ട്രംപ് അഭിപ്രായപ്പെട്ടു. കാനഡ യുഎസിൽ ലയിച്ചാലുള്ള അനന്തമായ സാധ്യതകളും വിശദീകരിച്ചു. തീരുവയില്ല; നികുതി കുത്തനെ കുറയും. അതിലുപരി, കാനഡയെ ചുറ്റിക്കറങ്ങി നടക്കുന്ന റഷ്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് പൂർണ സംരക്ഷണവും ഉറപ്പാക്കാം. ‘യുഎസും കാനഡയും ഒരുമിച്ചാൽ ഗംഭീര രാഷ്ട്രമാകും’– ട്രംപ് ചൂണ്ടിക്കാട്ടി.
കാനഡയുടെ അതിർത്തിവഴി യുഎസിലേക്ക് ലഹരികടത്തുന്നതും അനധികൃത കുടിയേറ്റക്കാർ എത്തുന്നതും തടയാൻ കഴിയുന്നില്ലെങ്കിൽ കാനഡയ്ക്ക് 25% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതു ബുദ്ധിമുട്ടാണെങ്കിൽ കാനഡ യുഎസ് സംസ്ഥാനമാകുന്നതാകും ഭേദം എന്നും പറഞ്ഞു. തുടർന്ന്, ട്രൂഡോയെ ‘കാനഡ ഗവർണർ’ എന്നു വരെ വിശേഷിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ എഴുതി. കാനഡയെ യുഎസിൽ ലയിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചയും സർവേകളും ചില മാധ്യമങ്ങൾ തുടങ്ങിയതും കൗതുകമായി.
Leave a Comment