പത്തനംതിട്ട: സിപിഎമ്മിലെ വനിതാ സഖാക്കൾ സംസ്ഥാന കമ്മിറ്റിക്കു നൽകിയ പരാതി പരിശോധിക്കാനായി താഴേക്കു നൽകി കാത്തിരിക്കും എന്ന് കരുതേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മുന്നറിയിപ്പ്. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത് ആ പരാതികൾ അതത് ഘടകത്തിൽ തന്നെ പരിശോധിച്ച് നടപടി എടുക്കും. എത്ര വലിയ നേതാവായാലും നടപടി എടുക്കുമെന്നും പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ചർച്ചകൾക്കു മറുപടിയായി ഗോവിന്ദൻ പറഞ്ഞു.
ചർച്ചകൾ പുറത്ത് അറിയുമെന്നു കരുതി ചൂണ്ടിക്കാണിക്കേണ്ട കാര്യങ്ങൾ പറയാതെ പോകാൻ കഴിയില്ല. പരമ്പരാഗത വോട്ടിൽ കുറവുണ്ടായത് ബിജെപിയുടെ വോട്ട് വർധനവായി. ഇത് പരിശോധിക്കാതെ ചില പ്രതിനിധികൾ അലങ്കാരിക പദപ്രയോഗങ്ങളിലൂടെ നേതൃത്വത്തെ പറ്റി വിലയിരുത്തിയിട്ട് കാര്യമില്ല. ജില്ലയിൽനിന്ന് ധാരാളം പരാതികൾ സംസ്ഥാന കമ്മിറ്റിക്കു ലഭിക്കുന്നുണ്ട്.
പരിശോധിച്ചു മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിക്ക് കൊടുത്താൽ മടങ്ങി വരുന്നവയുടെ എണ്ണം വളരെ കുറവാണ്. ഭരണം ഇല്ലാത്തപ്പോഴും പാർട്ടി പൊലീസിനെ കൈകാര്യം ചെയ്തിട്ടില്ലേ?. എല്ലാം സർക്കാർ ചെയ്തു തരണം എന്ന് സഖാക്കൾ നിർബന്ധിക്കരുത്. ബഹുജന സംഘടനാ അംഗത്വത്തിന്റെ ഏഴയലത്തു പോലും ജില്ലയിൽ ലഭിക്കുന്ന വോട്ട് എത്തുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
Leave a Comment