മുഖത്ത് ക്ഷതമേറ്റ പാടുകൾ, മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉറക്കത്തിൽ കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ്, ആറു വയസുകാരിയുടെ മരണത്തിനു പിന്നിൽ ദുർമന്ത്രവാദം? കുട്ടിയുടെ പിതാവും രണ്ടാനമ്മയും പോലീസ് കസ്റ്റഡിയിൽ

കോതമംഗലം: ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബത്തിലെ ആറുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. വ്യാഴാഴ്ച രാവിലെ 6.30-നാണ് കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകൾ മുസ്‌ക്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്റെ ആദ്യ ഭാര്യയിലുള്ള മകളായ മുസ്‌ക്കാന്റെ കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാത്രമല്ല കുട്ടിയുടെ മരണത്തിൽ ഒന്നിൽ കൂടുതലാളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. കുട്ടിയുടെ രണ്ടാനമ്മ അനീഷ(23) പിതാവ് അജാസ് ഖാൻ (33) എന്നിവർക്ക് പുറമേ കൂടുതൽ പേർ പോലീസ് പോലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.

കുട്ടി മരിക്കുന്നതിന് തലേന്നു രാത്രി അജാസും അനീഷയും ഒരു മുറിയിലും അനീഷയുടെ രണ്ടര വയസുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. കാലത്ത് കുഞ്ഞ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്നു പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ കാണിക്കുകയായിരുന്നു. പന്തികേട് തോന്നിയ അയൽക്കാർ വിവരം വാർഡ് മെംബറെ അറിയിച്ചു. മെംബർ പിന്നീട് പോലീസിലും വിവരം അറിയിച്ചു.

എന്നാൽ അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് വേളയിൽ കുട്ടിയുടെ മുഖത്ത് ക്ഷതവും കണ്ടു. തുടർന്ന് മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നു വ്യക്തമായി. രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടർന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

pathram desk 5:
Related Post
Leave a Comment