ന്യൂഡൽഹി: ഭരണഘടനാ ശിൽപി ബിആർ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിൽ നാടകീയ സംഭവവികാസങ്ങൾ. പാർലമെന്റ് കവാടത്തിൽ അരങ്ങേറിയ പ്രതിഷേധങ്ങൾക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
രാഹുൽ ഗാന്ധിയുടെ തള്ളലിൽ പരുക്കേറ്റെന്ന് പറയുന്ന ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. സംഭവത്തിൽ രാഹുലിനെതിരെ ബിജെപി പോലീസിൽ പരാതി നൽകി. പോലീസ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുകയും ചെയ്തു.
എന്നാൽ ബിജെപി എംപിമാരുടെ ആരോപണത്തിനിടെ തന്നെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. ബിജെപി എംപിമാർ തന്നെ തള്ളിത്താഴെയിട്ടു. ശസ്ത്രക്രിയയ്ക്ക് വിധേയമായ എന്റെ കാൽമുട്ടുകൾക്ക് ഇത് പരുക്ക് വരുത്തി’ ഖാർഗെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
രാഹുൽഗാന്ധിയുടെ കൈയേറ്റത്തിൽ ബിജെപി എംപിമാർക്ക് ഗുരുതരമായി പരുക്കേറ്റെന്നു പറഞ്ഞ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജ്ജു ‘നിങ്ങൾ മറ്റ് എംപിമാരെ തോൽപ്പിക്കാൻ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുണ്ടോ?’ എന്ന് രാഹുലിനെ പരിഹസിച്ചുകൊണ്ട് റിജിജ്ജു ചോദിച്ചു. കൂടാതെ ഏത് നിയമപ്രകാരമാണ് മറ്റ് എംപിമാരെ ശാരീരികമായി ആക്രമിക്കാൻ അദ്ദേഹത്തിന് അധികാരമുള്ളതെന്നും ആരാഞ്ഞു.
ചൊവ്വാഴ്ച രാജ്യസഭയിലെ ചർച്ചയിൽ നടത്തിയ അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ പാർലമെന്റ് കവാടത്തിൽ പ്ലക്കാർഡുകളുയർത്തി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി എംപിമാർ ഈ കവാടത്തിലൂടെ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയുമടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ അണിനിരന്നിരുന്നു.
കോണിപ്പടിക്ക് സമീപം നിൽക്കുകയായിരുന്ന തന്റെമേലേക്ക് രാഹുൽ മറ്റൊരു എംപിയെ തള്ളിയിടുകയായിരുന്നുവെന്ന് പ്രതാപ് സാരംഗി പറഞ്ഞു. എന്നാൽ ബിജെപി എംപിമാരാണ് തന്നെ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ‘ഞാൻ പാർലമെന്റിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു, ബിജെപി എംപിമാർ എന്നെ തടയാൻ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഞങ്ങൾക്ക് പാർലമെന്റിനകത്തേക്ക് കയറാൻ അവകാശമുണ്ട്’ രാഹുൽ പ്രതികരിച്ചു.
Leave a Comment