കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിനു തടസ്സമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നുമാണ് ഇളവുകളിൽ പറയുന്നത്. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയ്ക്കും ഇളവുണ്ട്. ഇനി ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി.
തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. യാത്രയയപ്പ് യോഗത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെ നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.
യാത്രയപ്പ് ചടങ്ങിൽ പി.പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമാവുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തതോടെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി.പി ദിവ്യ റിമാൻഡിൽ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്നും നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Leave a Comment