തിരുവനന്തപുരം: കേരള പൊലീസിന് നാണം കെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്തുവരുന്നു. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടകൾക്ക് മുന്നിൽ സിഐമാരുടെ തമ്മിലടിയാണ് പൊലീസിന് നാണക്കേടുണ്ടാക്കുന്നത്. ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യസൽക്കാരത്തിനിടെ പൊലീസ് തേടുന്ന ഗുണ്ടകൾക്കൊപ്പം മദ്യലഹരിയിൽ ആണ് ഇൻസ്പെക്ടർമാർ തമ്മിലടിച്ചത്.
ഇവർക്കെതിരെ നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. 4ന് പേരൂർക്കട വഴയിലയിലെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഉടമ നടത്തിയ സൽക്കാരച്ചടങ്ങിലാണ് പൊലീസ് ആസ്ഥാനത്തെയും ജില്ലാ ക്രൈം ബ്രാഞ്ചിലെയും സിഐമാർ പങ്കെടുത്തത്. ക്രൈംബ്രാഞ്ച് സിഐക്കൊപ്പം പൊലീസിന്റെ ഷാഡോ ടീം അംഗങ്ങളുമുണ്ടായിരുന്നു.
ഇവർ പൊലീസ് ആസ്ഥാനത്തെ സിഐയെ നേരിടാനിറങ്ങിയതോടെ കൂട്ടത്തല്ലായി. തുടർന്ന് ഗുണ്ടാസംഘത്തിലെ ഒരാൾ ഇടപെട്ട് സിഐമാരെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. പിന്നാലെ ഒരു എസ്പി കുടുംബസമേതം ഉടമയുടെ സൽക്കാരത്തിനെത്തിയെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്കും ഡിജിപി നിർദേശം നൽകി. ഇവരുടെ അന്വേഷണ റിപ്പോർട്ടും ഇന്നലെ കൈമാറിയെന്നാണ് വിവരം.
Leave a Comment