‘എന്റെ ദൈവം ഇപ്പോഴില്ല, ഇതെനിക്ക് അംഗീകരിക്കാനാകുന്നില്ല, ഒരുപാട് സ്നേഹിക്കുന്നു സാക്കിർ ഭായ്

താൻ നിർമിക്കുന്ന തബലയിൽ ഇനി ഈ മാന്ത്രിക വിരൽ സ്പർശമുണ്ടാകില്ലെന്നു മുംബൈയിലെ ഹരിദാസ്‌ വട്‌കര്‍ എന്ന പ്രശസ്‌തനായ തബല നിര്‍മാതാവ്‌. പതിറ്റാണ്ടുകളോളം സാക്കിര്‍ ഹുസൈനെന്ന മാന്ത്രികനു വേദികീഴടക്കാൻ പാകത്തിനു തബല നിര്‍മിച്ചത്‌ ഹരിദാസായിരുന്നു. സാക്കിര്‍ ഹുസൈന്‌ പ്രത്യേകമായിട്ടാണ്‌ തബല നിര്‍മിച്ചുകൊടുക്കുന്നതെന്ന്‌ ഹരിദാസ്‌ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. മുത്തച്ഛന്‍ കേരപ്പ രാമചന്ദ്ര വട്‌കറിന്റെയും അച്ഛന്‍ രാമചന്ദ്ര കേരപ്പ വട്‌കറിന്റെയും പാത പിന്തുടര്‍ന്ന ഹരിദാസിന്റെ ഏറ്റവും വലിയ സ്വപ്‌നവും സാക്കിര്‍ ഹുസൈനു വേണ്ടി തബല നിര്‍മിക്കുക എന്നതായിരുന്നു.

‘എന്റെ ദൈവം ഇപ്പോഴില്ല. ഇതെനിക്ക് അംഗീകരിക്കാനാകുന്നില്ല. ഒരുപാട് സ്നേഹിക്കുന്നു സാക്കിർ ഭായ്. നിങ്ങളെപ്പോഴും ഞങ്ങളുടെ ഓർമയിലുണ്ടായിരിക്കും’ സാക്കിർ ഹുസൈന്റെ മരണവാർത്ത അറിഞ്ഞ് ഹരിദാസ് വേദനയോടെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സാക്കിറിന് തബല നിർമിച്ചു കൈമാറുന്നതിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ നൊമ്പരക്കുറിപ്പ്.

ഹരിദാസ്‌ വട്‌കര്‍ പ്രത്യേകം നിർമിച്ച തബലയിൽ താളമിട്ട് സാക്കിർ ഹുസൈൻ വാരിക്കൂട്ടിയത് വിലമതിക്കാനാകാത്ത അംഗീകാരങ്ങളും പുരസ്കാരങ്ങളുമാണ്. താനൊരുക്കിയ തബല ലോകവേദികളിലെ സ്ഥിര സാന്നിധ്യമായതിൽ ഹരിദാസ്‌ വട്‌കറിന് എന്നും അഭിമാനമായിരുന്നു. ഹരിദാസിനോടും കുടുംബത്തോടും സാക്കിർ ഹുസൈൻ സൗഹൃദം സൂക്ഷിച്ചിരുന്നു. സാക്കിർ ഹുസൈനൊപ്പമുള്ള നിറചിരി ചിത്രമാണ് ഹരിദാസ് ഇപ്പോഴും സമൂഹമാധ്യമ പേജുകളിലെ മുഖചിത്രമാക്കിയിരിക്കുന്നതും. ‌
തബലയിലെ മാന്ത്രിക വിസ്മയം ഉസ്താദ് സാക്കിർ ഹുസൈനു വിട

pathram desk 5:
Related Post
Leave a Comment