ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യത്തിന് തടസമായതിനാലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശിൽപ്പികളെ സ്മരിക്കുന്നുവെന്ന് പറഞ്ഞ മോദി ഭരണഘടനാ ചർച്ച അഭിമാനകരമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വനിതാ ശാക്തീകരണത്തിനു ഭരണഘടന അടിത്തറയായി. 75 വർഷത്തെ യാത്ര ചെറുതല്ല. നാരീ ശക്തിയാണ് ഭരണഘടനയുടെ ശക്തി. തുടക്കം മുതൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യ ജനാധിപത്യത്തിൻറെ മാതാവാണ്. ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു.ജി 20 ഉച്ചകോടിയിൽ പോലും വനിതാ ശാക്തീകരണം പ്രധാന ചർച്ചയായി. ഈ പശ്ചാത്തലമാണ് വനിതാ സംവരണ ബിൽ കൊണ്ടുവരാൻ പ്രേരണയായത്. ലോക്സഭയിൽ വനിതാ പ്രാതിനിധ്യം കൂടി. ഇന്ത്യ ഉടൻ തന്നെ ലോകത്തെ മൂന്നാമത്തെ സമ്പത്ത് വ്യവസ്ഥയാകും. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒന്നാമതെത്തുക എന്നതാണ് നമ്മുടെ സ്വപ്നം’’– പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടെ കോൺഗ്രസിനെ വിമർശിക്കുവാനും മോദി മറന്നില്ല ചില വൈകൃത മനസുകൾ ഭാരതത്തിൻറെ ഏകത തകർത്തു. നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ മുദ്രാവാക്യത്തെ തളർത്തി. അടിമ മനോഭാവം ഏകത്വത്തെ തളർത്തി. ആർട്ടിക്കിൾ 370 രാജ്യത്തിൻറെ ഐക്യത്തിനു തടസമായിരുന്നു.
അടിയന്തരാവസ്ഥയുടെ പാപത്തിൽനിന്ന് കോൺഗ്രസിനു മോചനമില്ല. കോൺഗ്രസ് ഭരണത്തിലെ കറുത്ത പാടാണ് അടിയന്തരാവസ്ഥ. ഭരണഘടനയെ ഞങ്ങൾ ആരാധിക്കുന്നു. കോൺഗ്രസ് കൊല്ലുന്നു. ചിലർ അസ്വസ്ഥത പ്രകടിപ്പിക്കാൻ ഭരണഘടനയെ ഉപയോഗിക്കുന്നു. കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജവഹർലാൽ നെഹ്റു സ്വന്തം നേട്ടത്തിനായി ഭരണഘടനയെ അട്ടിമറിച്ചു. ആദ്യം ഭരണഘടനയെ ദുരുപയോഗംചെയ്തത് നെഹ്റുവാണ്. പിന്നീട് ഇന്ദിരാ ഗാന്ധി ഇത് തുടർന്നു. കോടതികളുടെ അധികാരം ഇന്ദിര കവർന്നു. 1947 മുതൽ 1952 വരേ ഈ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലായിരുന്നു. ജനങ്ങളുടെ സ്വാതന്ത്യത്തിനുപോലും വിലങ്ങിട്ടു. 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഇതിനിടെ രാഹുൽ ഗാന്ധിയെ അഹങ്കാരിയെന്നും പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു. വോട്ടുബാങ്കിനായി ചിലർ സംവരണത്തിനു തുരങ്കംവയ്ക്കുന്നു. കോൺഗ്രസ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് എതിരായിരുന്നു. നെഹ്റു പ്രധാനമന്ത്രിയായത് പാർട്ടി ഭരണഘടന അട്ടിമറിച്ചാണെന്നും മോദി വിമർശിച്ചു. കോൺഗ്രസ് 60 വർഷം ഭരിച്ചിട്ടും കുടിവെള്ളം പോലും നൽകാനായില്ല. കോൺഗ്രസ് ഭരണത്തിൽ ശൗചാലയങ്ങൾ നൽകാൻ സാധിച്ചില്ല. എന്നാൽ ജനങ്ങൾ ഇനി ദാരിദ്രത്തിലേക്ക് പോകില്ല. ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Leave a Comment