തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തം വിവാദവിഷയമാക്കിയെടുത്ത് സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഇപ്പോൾ നടത്തുന്നത് ഖേദകരമായ നീക്കമാണ്. വിശദമായ പഠന റിപ്പോർട്ട് നൽകാൻ കേരളം വൈകിയതു കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. എന്നാൽ അതു വസ്തുതാവിരുദ്ധമാണെന്നും അതിൽ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി.
കേന്ദ്ര ആഭ്യന്തരമന്ത്രി ആദ്യമായല്ല വയനാട് വിഷയത്തിൽ പാർലമെന്റിനെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് വ്യാജമായി ഉദ്ധരിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ മുമ്പ് അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ‘കേന്ദ്രം ഉരുൾപ്പൊട്ടലിനെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ട് കേരളം എന്ത് ചെയ്തു’ ഈ ചോദ്യമാണ് അദ്ദേഹം നേരത്തെ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് തെളിവുസഹിതം വ്യക്തമാക്കപ്പെട്ടു. ഇതിന്റെ ആവർത്തനമാണ് കഴിഞ്ഞ ദിവസത്തെ പാർലമെന്റിലെ പ്രസ്താവന.
കഴിഞ്ഞ ജൂലൈ 30-ന് പുലർച്ചെയാണ് വയനാട് ദുരന്തം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ കേന്ദ്രസംഘം ഇവിടെയെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തു.
പണം ആവശ്യപ്പെട്ടത് എന്നോടല്ല..!! കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യ വിവാദം വേണ്ട..!! കുട്ടികളെ വേദനിപ്പിക്കും…, അതുകൊണ്ട് പരാമർശം പിൻവലിക്കുന്നതായി മന്ത്രി…
ആഗസ്റ്റ് 10-നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. കേന്ദ്ര സംഘത്തിന് മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ആ ഘട്ടത്തിൽതന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു. ഒട്ടും വൈകാതെ ആഗസ്റ്റ് 17-ന് ദുരന്തത്തിലുണ്ടായ നഷ്ടവും എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്) മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകി. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടിയുടെ പ്രാഥമിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്.
എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് നൂറു ദിവസത്തിലധികമായിട്ടും കാര്യങ്ങൾക്ക് നീക്കുപോക്കായിട്ടില്ല. നിവേദനം സമർപ്പിച്ചിട്ട് മൂന്നു മാസത്തിലധികമായി. ഇതിനിടയിൽ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റു പല സംസ്ഥാനങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും കേരളത്തിന് പ്രത്യേക ധനസഹായമായി ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ നൽകിയ മെമ്മോറാണ്ടത്തിന് പുറമേ, പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തുകയും വിശദമായ റിപ്പോർട്ട് നവംബർ 13-ന് കേന്ദ്ര സർക്കാരിന് നൽകുകയും ചെയ്തു. മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.10 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ട് വൈകിയതു കൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തതെന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിൽ നിന്നുള്ള എംപിമാർക്ക് മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായി എൻഡിഎംഎയിൽ (നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി) നിന്നുള്ള പ്രതിനിധികളും കേരളത്തിന്റെ പ്രതിനിധികളായി കെഎസ്ഡിഎംഎ(കേരള സ്‌റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി)യിൽ നിന്നുള്ള പ്രതിനിധികളും മറ്റു വിദഗ്ദരും ചേർന്ന സംഘമാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ദുരന്തത്തിന്റെ വസ്തുതാപരമായ പഠനങ്ങൾ, ഡാറ്റ അനാലിസിസ്, ഭൂപ്രദേശവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങൾ, ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും, ആകാശദൃശ്യങ്ങൾ ഇവയെല്ലാം റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി പഠനവിധേയമാക്കിയിട്ടുണ്ട്. 583 പേജുള്ള വിശദവും സമഗ്രവുമായുള്ള റിപ്പോർട്ടാണ് സംസ്ഥാനം സമർപ്പിച്ചിട്ടുള്ളത്. ഈ ഒരു പ്രക്രിയയ്ക്ക് എടുക്കുന്ന സ്വഭാവികമായ കാലതാമസമാണ് മൂന്നു മാസം. ദുരന്തമുണ്ടായി ഉടനെയല്ല, ദുരിതാശ്വാസ ഘട്ടം പൂർത്തികരിച്ച ശേഷമാണ് പിഡിഎൻഎ(പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസെസ്‌മെന്റ്) ആരംഭിക്കുന്നത്. ഇത് ദുരന്ത നിവാരണത്തിലെ ഏറ്റവും അടിസ്ഥാന ധാരണയാണ്.
കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടം പ്രകാരം അടിയന്തിര സഹായം അനുവദിച്ചില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന വിഷയം. എന്നാൽ, ആ ആക്ഷേപം മറികടക്കുന്നതിനാണ് പിഡിഎൻഎ സമർപ്പിക്കാൻ വൈകിയെന്ന വാദം കേന്ദ്രം ഉന്നയിക്കുന്നത്. പിഡിഎൻഎയിൽ നിന്ന് പുനഃനിർമാണ ഫണ്ടാണ് കേരളം ആവശ്യപ്പെടുന്നത്. വയനാടിന്റെ അത്ര തീവ്രത ഇല്ലാതിരുന്നിട്ടും മറ്റു സംസ്ഥാനങ്ങളിൽ വളരെ വേഗത്തിലാണ് കേന്ദ്രസഹായം ലഭ്യമാക്കിയത്. മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപ, പ്രളയമുണ്ടായ ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപ, ദുരന്തം സംഭവിക്കുന്നതിന് മുമ്പുതന്നെ മുൻകരുതലായി ബിഹാറിന് 11,500 കോടി രൂപ, ഇതെല്ലാം കേന്ദ്ര സർക്കാർ സഹായമായി പ്രഖ്യാപിച്ചതാണ്. അതേ കേന്ദ്ര സർക്കാരാണ് കേരളത്തോട് ഈ അവഗണന കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം സമർപ്പിച്ച നിവേദനത്തിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. ആദ്യ ആവശ്യം വയനാട് ദുരന്തം തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു. ഇത്തരത്തിൽ പ്രഖ്യാപിച്ചാൽ പുനരധിവാസത്തിനായി വിവിധ അന്തർദേശീയ സ്ഥാപനങ്ങളിൽനിന്ന് സംസ്ഥാന സർക്കാരിന് കൂടുതൽ തുക കണ്ടെത്താൻ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് കേരളത്തിന് സഹായം നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാകുകയും ചെയ്യും. രണ്ടാമത്തെ ആവശ്യം ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നതായിരുന്നു. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു. മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് അടിയന്തിര സഹായം നൽകണമെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഈ മൂന്ന് ആവശ്യങ്ങളിൽ ഒന്നിനുപോലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment