കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്ക് തട്ടിപ്പിനു പിന്നിൽ വൻ സംഘങ്ങളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. കാരണം പലരും സമാനമായ രീതിയിലാണ് ബാങ്കിൽ നിന്ന് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ തുകയെടുക്കും. അത് അടച്ചുതീർത്ത് പോയിന്റ് ഉയർത്തിയ ശേഷം വൻ തുകകൾ വീണ്ടും ലോണെടുക്കും. ഇത്തരത്തിൽ കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം തട്ടിയെടുത്തത് ഒരുകോടി പത്ത് ലക്ഷത്തിലധികം രൂപ. ബാങ്ക് അധികൃതർ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടു നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ കേരളത്തിൽ മാത്രം 10 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈത്തിലെ ഗൾഫ് ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരാണ് കേരളത്തിൽ പരാതി നൽകിയിരിക്കുന്നത്. നിലവിൽ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടന്നത് കുവൈത്തിലാണെങ്കിലും വിദേശത്ത് തട്ടിപ്പ് നടത്തി മടങ്ങുന്നവർക്കെതിരെ ഇന്ത്യയിൽ കേസെടുക്കാൻ നിയമപ്രകാരം കഴിയും. കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്.
കുവൈത്തിൽ ജോലി ചെയ്തിരുന്ന1425 മലയാളികൾ 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ബാങ്ക് ഉദ്യോഗസ്ഥർ കേരളത്തിലെത്തി ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകുകയായിരുന്നു. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്‌സുമാരായി നേരത്തെ ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരും കുവൈത്തിലെ സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന മലയാളികളുമടക്കം തട്ടിപ്പ് നടത്തിയതായാണ് വിവരം.
ബാങ്ക് നൽകിയ പരാതിയിൽ കോട്ടയം കുമരകം സ്വദേശിക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2021 ഡിസംബർ ഒമ്പതിനാണ് കോട്ടയം കുമരകം സ്വദേശിയായ യുവാവ് കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പ എടുത്തത്. 33777 കുവൈത്ത് ദിനാറായിരുന്നു വായ്പ എടുത്തത്. എന്നാൽ പിന്നീട് വായ്പ തിരിച്ചടക്കാതെ പലിശയടക്കം 39566.390 കുവൈത്ത് ദിനാർ ( ഒരു കോടി പത്ത് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി അഞ്ഞൂറ്റി എൺപത്തി ഒൻപത് രൂപ ഇരുപത് പൈസ) ബാങ്കിനെ കബളിപ്പിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
യുവാവ് 2020ലാണ് ബാങ്കിൽ നിന്ന് ആദ്യ വായ്പയെടുത്തത്. ഈ തുക പിന്നീട് കൃത്യമായി പോയിന്റ് കൂട്ടിയശേഷമാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്. പിന്നീട് ഇവർ കേരളത്തിലേക്കും അവിടെ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്കും കുടിയേറുകയായിരുന്നു. എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം ആരംഭിച്ചത്. ഇപ്പോൾ പുറത്തുവന്ന തട്ടിപ്പുകൾക്കു പിന്നിൽ ഏജന്റുമാരാണോ അതോ കേട്ടറിഞ്ഞ് നടത്തിയ തട്ടിപ്പാണോയെന്ന സംശയത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥർ.
Leave a Comment